ഇന്ത്യന്‍ അനുകൂല ബാനറുകള്‍ ഡിസൈനര്‍മാരുടെ പിഴവ്; വിശദീകരണവുമായി പാക്കിസ്ഥാന്‍

ഇസ്‌ലാമാബാദ്: കശ്മീര്‍ വിഷയത്തിന് പിന്നാലെ ഇസ്‌ലാമാബാദില്‍ പ്രത്യക്ഷപ്പെട്ട ഇന്ത്യന്‍ അനുകൂല ബാനറുകള്‍ ഡിസൈനര്‍മാരുടെ പിഴവെന്ന വിശദീകരണവുമായി പാക്കിസ്ഥാന്‍. ബാനര്‍ തയ്യാറാക്കിയവരുടെ ഭാഷാപ്രാവീണ്യമില്ലായ്മയാണ് ബാനറിലെ ഇന്ത്യന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ക്കു കാരണമായതെന്നും മുതിര്‍ന്ന പാക്ക് ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച പറഞ്ഞു.

ഇസ്‌ലാമാബാദിലെ അതിസുരക്ഷാ മേഖലയുള്‍പ്പെടെ മൂന്നിടങ്ങളില്‍ ചൊവ്വാഴ്ചയാണ് ബാനറുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘ഇന്ന് കശ്മീര്‍, നാളെ ബലൂചിസ്താനും പാക്കധീന കശ്മീരും പിടിച്ചെടുക്കും, മോദിസര്‍ക്കാരിന് അതിനുകഴിയു’മെന്നും ഉള്‍പ്പെടെയുള്ള വാക്യങ്ങളാണ് ബാനറിലുണ്ടായിരുന്നത്.

ഇന്ത്യന്‍ സര്‍ക്കാരിന്റെ വിഘടന, സര്‍വാധിപത്യ നയങ്ങളെ തുറന്നുകാട്ടാനും അത്തരം നീക്കംനടത്താന്‍ ആവില്ലെന്നുമാണ് ബാനറില്‍ എഴുതാന്‍ ഉദ്ദേശിച്ചത്. എന്നാല്‍, സാങ്കേതികപ്പിഴവോ ഡിസൈനര്‍മാര്‍ക്കുണ്ടായ തെറ്റോ കാരണം ആശയം മാറുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏതാനുംപേരെ അറസ്റ്റുചെയ്തതായും അന്വേഷണം പൂര്‍ത്തിയായതായും ഇസ്‌ലാമാബാദ് കമ്മിഷണര്‍ ഹംസ ഷഫ്ഖാത് പറഞ്ഞു.

Top