ആരാധകരെ നിരാശപ്പെടുത്തിയ അരങ്ങേറ്റം, സസ്‌പെന്‍സുമില്ല . . നല്ലൊരു കഥയുമില്ല . . ! !

Aadi movie review

ദിയില്‍’ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിന് കാലിടറിയോ ? ജിത്തു ജോസഫിന് ഇതെന്ത് പറ്റി . . ?

ഈ ചോദ്യങ്ങള്‍ ആദി കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സില്‍ നിന്നും ഉയരുന്നുണ്ടെങ്കില്‍ അവരെ ഒരിക്കലും കുറ്റം പറയാന്‍ കഴിയില്ല.

മറ്റൊരു മലയാള സിനിമക്കും ഇന്നു വരെ നല്‍കാത്ത പരസ്യങ്ങളുടെയും ‘ആശീര്‍വാദത്തിന്റെയും’ അകമ്പടിയോടെ പുറത്തിറങ്ങിയ സിനിമയെ കുറിച്ച് വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കുണ്ടായിരുന്നത്.

എന്നാല്‍ കഥയിലോ, കഥാപാത്രങ്ങളിലോ പുതുമകണ്ടെത്താന്‍ സംവിധായകന്‍ ജിത്തു ജോസഫിന്റെ ഈ സിനിമക്ക് കഴിഞ്ഞിട്ടില്ല.

ദൃശ്യം സിനിമയിലൂടെ അമ്പരപ്പിക്കുന്ന ക്ലൈമാക്‌സ് ഒരുക്കിയ ജിത്തു ‘ആദിയില്‍’ ഒരുക്കിയിരിക്കുന്നത് നനഞ്ഞ പടക്കമാണ്.

സിനിമ കാണുന്ന പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്നതോ ത്രസിപ്പിക്കുന്നതോ ആയ ഒരു രംഗം പോലും എടുത്ത് പറയാന്‍ ഈ സിനിമയിലില്ല.

സംഗീതത്തെ പ്രണയിക്കുന്ന നായക കഥാപാത്രം ഒരു പ്രത്യേക സാഹചര്യത്തില്‍ ബാംഗ്ലൂരില്‍ എത്തുന്നതും അവിടെ നടക്കുന്ന ഒരു മരണത്തില്‍ പ്രതിസ്ഥാനത്ത് ആകുന്നതോടെ ‘അപ്രതീക്ഷിത’ സംഭവങ്ങളെ നേരിടുന്നതുമാണ് പ്രമേയം.

ബാംഗ്ലൂരില്‍ വന്‍ സ്വാധീനമുള്ള ബിസിനസ്സ് ശൃംഘലയുടെ ഉടമയുടെ മകനാണ് മരണപ്പെട്ടത് എന്നതിനാല്‍ ആദിയെ പിടികൂടാന്‍ ഗുണ്ടകളും, അവരെ സഹായിക്കാന്‍ പൊലീസും രംഗത്ത് വന്നു. ഒടുവില്‍ തന്റെ നിരപരാധിത്വം ആദി ‘ഓടി’ തെളിയിക്കുന്നതോടെ സിനിമ അവസാനിക്കുകയുമാണ് ചെയ്യുന്നത്.

തികച്ചും ലഘുവായ ഒരു കഥ വലിയ നാടകീയത ഒന്നും തന്നെ ഇല്ലാതെ പറഞ്ഞ് പോകുന്ന രീതിയാണ് സംവിധായകന്‍ ആദിയില്‍ പരീക്ഷിച്ചിരിക്കുന്നത്. ഇത് പ്രേക്ഷകര്‍ക്ക് എത്ര മാത്രം ഇഷ്ടപ്പെടുമെന്നത് ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ.

മോഹന്‍ലാലിനെ പോലെ സൂപ്പര്‍ സ്റ്റാറായ ഒരു താരത്തിന്റെ മകന്റെ ആദ്യ സിനിമക്ക് തിരഞ്ഞെടുത്ത കഥ ഒട്ടും അനുയോജ്യമായില്ല എന്ന കാര്യം പ്രാഥമിക വിലയിരുത്തലില്‍ നിസംശയം പറയാം.

കുടുംബ പ്രേക്ഷകരിലേക്ക് പ്രണവിനെ ആദ്യം തന്നെ എത്തിച്ച് സ്വീകാര്യനാക്കാന്‍ ശ്രമിച്ചതാണ് ‘പിഴവിന്’ കാരണമായതെന്നതും വ്യക്തം.

ആദിയുടെ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലെനയുടെ അഭിനയം പോലും സീരിയലിലെ ‘കണ്ണീര്‍’ കഥാപാത്രങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതാണ്.

ചെറിയ വേഷം ലഭിച്ചാല്‍ പോലും മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന സിദ്ധിഖിന്റെ പ്രകടനവും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നത് തന്നെ.

മോഹന്‍ലാലിന്റെ മകനില്‍ നിന്നും പ്രതീക്ഷിച്ച അഭിനയം പ്രണവിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കിലും ഒരു വിധം കുഴപ്പമില്ലാതെ തന്റെ കഥാപാത്രത്തിന് ജീവന്‍ നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

മമ്മൂട്ടിയുടെ മകനായ ദുല്‍ഖറിന്റെ ആദ്യ സിനിമ സെക്കന്റ് ഷോ പരാജയപ്പെട്ടിട്ടും പിന്നീട് ശക്തമായി തിരിച്ചു വരാന്‍ ദുല്‍ഖറിന് കഴിഞ്ഞതിനാല്‍ പ്രണവിന് മുന്നില്‍ ഇനിയും സാധ്യത ഏറെയാണ്.

ആദിയിലെ സംഗീതം, ചായാഗ്രഹണം എന്നിവയും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ല.

വലിയ പ്രതീക്ഷകളാടെ ഈ സിനിമക്ക് കയറാതെ ഒരു തുടക്കക്കാരന്റെ സിനിമ എന്ന രൂപത്തില്‍ മാത്രം കണ്ടാല്‍ ബോറടിക്കാതെ കണ്ടിരിക്കാം. അത്ര മാത്രം.

Review: M.Vinod

Top