കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം; തന്റെ പേര് പറയരുതെന്ന് പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി അധ്യക്ഷസ്ഥാനം ഒഴിഞ്ഞതോടെ രാജ്യത്തെ കോണ്‍ഗ്രസിന് ഇപ്പോള്‍ നാഥനില്ലാത്ത അവസ്ഥയാണ്. അധ്യക്ഷസ്ഥാനത്തേക്ക് തന്റെ പേര് നിര്‍ദ്ദേശിക്കുന്നതിനെതിരെ താക്കീതുമായി പ്രിയങ്ക ഗാന്ധിയും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. അനാവശ്യമായി തന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് നേതാക്കള്‍ക്ക് പ്രിയങ്ക കര്‍ശനനിര്‍ദ്ദേശം നല്‍കി.

രാഹുല്‍ രാജിവച്ച സാഹചര്യത്തില്‍ നേതൃസ്ഥാനം പ്രിയങ്ക ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് പ്രിയങ്ക തന്റെ നിലപാട് വ്യക്തമാക്കിയത്. നിലവില്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് വരണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അഭിപ്രായപ്പെട്ടിരുന്നു. വരുന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ പ്രിയങ്കയെ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രിയങ്കയ്ക്ക് അനുകൂലമായി ശശി തരൂര്‍ എംപിയും രംഗത്തെത്തിയിരുന്നു.

അതേസമയം സഹോദരന് പകരക്കാരിയായി തന്റെ പേര് വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രിയങ്ക താക്കീത് നല്‍കിയതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാഹുല്‍ സ്ഥാനം ഒഴിഞ്ഞതിനുശേഷം പുതിയ അധ്യക്ഷനെ കൊണ്ടുവരാന്‍ പാര്‍ട്ടി നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

Top