പ്രിയങ്കയുടെ നിര്‍ദേശം; രാജസ്ഥാനിലേക്ക് താമസം മാറ്റി കഫീല്‍ ഖാന്‍

ജയ്പുര്‍: അലഹബാദ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ജയില്‍ മോചിതനായ ഡോ.കഫീല്‍ ഖാന്‍ കുടുംബത്തോടൊപ്പം ജയ്പൂരിലെത്തി. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഉപദേശ പ്രകാരമാണ് താന്‍ രാജസ്ഥാനിലേക്ക് താമസം മാറിയതെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു.

തനിക്കെതിരായ കേസ് കോടതി ഒഴിവാക്കിയിട്ടുണ്ടെങ്കിലും യോഗി സര്‍ക്കാര്‍ വീണ്ടും കേസുകള്‍ ചുമത്തി തടങ്കലിലാക്കുമെന്ന ഭയത്താലാണ് ജന്മദേശമായ ഗോരഖ്പൂരില്‍ നിന്ന് ജയ്പൂരിലേക്ക് വന്നതെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരായതിനാല്‍ ഇവിടെ സുരക്ഷിതമായിരിക്കുമെന്ന് കരുതുന്നു. എന്റെ കുടുംബത്തിനും ഇവിടെ താമസിക്കുന്നതാണ് സുരക്ഷിതമെന്ന് തോന്നുന്നു. കഴിഞ്ഞ ഏഴര മാസത്തോളം താന്‍ ഒരുപാട് മാനസിക-ശാരീരിക പീഡനങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തന്നെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയയ്ക്കുമെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തില്‍ താന്‍ സേവനമനുഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Top