ബി.ജെ.പിയെ വെല്ലും ‘കാവിപ്രേമം’ പ്രിയങ്കയുടെ ഭാവമാറ്റം അമ്പരപ്പിക്കുന്നത്

ന്യൂഡല്‍ഹി: ഹിന്ദുത്വ വാദം ഉയര്‍ത്തി മൂന്നാമതും കേന്ദ്ര ഭരണം പിടിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയെ അതേ മാര്‍ഗ്ഗത്തില്‍ തന്നെ നേരിടാന്‍ കോണ്‍ഗ്രസ്സ്. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന യുപിയിലെ വാരണാസിയില്‍ പ്രിയങ്ക ഗാന്ധി നടത്തിയ പ്രകടനം ഇതിന്റെ സൂചനയാണ്.

കാശി വിശ്വനാഥ ക്ഷേത്രത്തിലും വാരണാസി ദുര്‍ഗ്ഗാക്ഷേത്രത്തിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് പ്രിയങ്ക പൊതുയോഗത്തിന് എത്തിയിരുന്നത്. നാരായണനും മാതാജിക്കും സ്തുതി ചൊല്ലിയ ശേഷമാണ് അവര്‍ പ്രസംഗം ആരംഭിച്ചിരുന്നത്. കര്‍ഷകര്‍ ഉള്‍പ്പെടെ വലിയ ജനക്കൂട്ടം പ്രിയങ്കയുടെ പ്രസംഗം കേള്‍ക്കാന്‍ വാരണാസിയില്‍ എത്തിയിരുന്നു.

കേന്ദ്രം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന യു.പിയിലെ ഭരണം കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് വലിയ സ്വപ്നമാണ്. പ്രിയങ്ക ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി യു.പി പിടിക്കുക എന്നതാണ് അവരുടെ തന്ത്രം. അതിനു വേണ്ടി ബി.ജെ.പിയുടെ ഹിന്ദുത്വ കാര്‍ഡ് തന്നെയാണ് യു.പിയിലും പുറത്തെടുത്തിരിക്കുന്നത്. കേന്ദ്ര മന്ത്രിയുടെ മകന്‍ കര്‍ഷകരെ വാഹനം ഇടുപ്പിച്ച് കൊന്ന പശ്ചാത്തലത്തിലാണ് പ്രിയങ്കയെ പങ്കെടുപ്പിച്ച് പെട്ടന്ന് തന്നെ ഒരു പൊതുയോഗം കോണ്‍ഗ്രസ്സ് തട്ടിക്കൂട്ടിയിരിക്കുന്നത്. അടുത്തയിടെ പുറത്ത് വന്ന സര്‍വേയില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന അഞ്ച് സംസ്ഥാനങ്ങളിലും വന്‍ തിരിച്ചടിയാണ് കോണ്‍ഗ്രസ്സിന് പ്രവചിച്ചിരുന്നത്. ഇതും ‘നിറം’ മാറ്റത്തിന് കോണ്‍ഗ്രസ്സിനെ പ്രേരിപ്പിച്ച പ്രധാന ഘടകമാണ്.

വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെ പോരാടാന്‍ തുനിഞ്ഞിറങ്ങിയ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ പുതിയ ‘മുഖം’ മറ്റു പ്രതിപക്ഷ പാര്‍ട്ടികളെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഈ രൂപമാറ്റം കോണ്‍ഗ്രസ്സിന്റെ സെക്യുലര്‍ വോട്ട് ബാങ്കിനെ ബാധിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കേരളത്തില്‍ ഉള്‍പ്പെടെ പ്രിയങ്കയുടെ വാരണാസിയിലെ ‘പ്രകടനം’ വലിയ രൂപത്തിലാണ് വൈറലായിരിക്കുന്നത്. സി.പി.എം സൈബര്‍ ഗ്രൂപ്പുകള്‍ കോണ്‍ഗ്രസ്സിന്റെ മാറിയ മുഖമായാണ് ഇത് പ്രചരിപ്പിച്ചു വരുന്നത്. കേരളത്തിലെ യു.ഡി.എഫിന്റെ ന്യൂനപക്ഷ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കുകയാണ് സി.പി.എം ലക്ഷ്യം. ഈ പ്രചരണത്തില്‍ അന്തം വിട്ടിരിക്കുന്നതിപ്പോള്‍ മുസ്ലീം ലീഗാണ്. അവരുടെ അണികളും വലിയ നിരാശയിലാണ്.

‘നിരക്ഷരരായ ഒരു ജനതയെ മതംപറഞ്ഞും കാശ് കൊടുത്തും ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തി കാല്‍ചുവട്ടില്‍ കെട്ടിയിട്ടിരിക്കുന്ന ഫാസിസ്റ്റുകളുടെ അതേ പാത പിന്‍ തുടര്‍ന്ന് ഇന്ന് നിങ്ങള്‍ കാണിക്കുന്ന ഈ തെരുവ് നാടകത്തിന് നിങ്ങളെ അന്ധതയില്‍ നിന്നും അന്ധകാരത്തിലേക്ക് എത്തിക്കുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കാന്‍ പോകുന്നില്ല’ എന്നതാണ് സി.പി.എം സൈബര്‍ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റില്‍ കോണ്‍ഗ്രസ്സിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

‘ഇപ്പോഴും ആര്‍ എസ് എസ് തീവ്രവാദികള്‍ക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസ്സില്‍ വിശ്വാസമര്‍പ്പിച്ച് ജയ് വിളിക്കുന്ന ജനതയോട്, നിങ്ങള്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ് എന്നാണ് സി.പി.എമ്മിന്റെ പരിഹാസം.

‘ഇന്നിവര്‍ വിളിച്ച ശ്ലോകം നാളെ ആളെ തല്ലിക്കൊല്ലാന്‍ സംഘികള്‍ വിളിക്കുന്ന ജയ് ശ്രീറാമായ് മാറുമെന്നും അന്നും പ്രിയങ്ക രാഹുല്‍ ജോഡികള്‍ പുതിയ കാലത്തിനനുസരിച്ചുള്ള ”ഡോഗ് ഷോ ” ആയി വരുമെന്നുമുള്ള ഓര്‍മ്മപ്പെടുത്തലും ഈ പോസ്റ്റിലുണ്ട്. യോഗിയെ വെല്ലുന്ന പ്രിയങ്കയുടെ വേഷവും സി.പി.എം സൈബര്‍ സഖാക്കളെ ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്. വാരണാസിയില്‍ പ്രിയങ്ക കൊളുത്തിയ ‘തീ’ കേരളത്തിലെ യു.ഡി.എഫിനെയാണ് ഇപ്പോള്‍ പൊള്ളിച്ചിരിക്കുന്നത്.

നേരിന്റെ രാഷ്ട്രീയം പറഞ്ഞ് ബി.ജെ.പിയെ എതിര്‍ക്കാതെ പരിവാറിന്റെ മാനറിസങ്ങളും ആശയങ്ങളും പരസ്യമായി പ്രകടിപ്പിക്കുന്ന പ്രിയങ്കയുടെ നടപടി തിരിച്ചടിക്കുമോ എന്നതാണ് യു.ഡി.എഫ് നേതാക്കളെ ഭയപ്പെടുത്തുന്നത്.

Top