പ്രിയങ്കയെ മുൻ നിർത്തി റോബർട്ട് വദ്ര , മത്സരിച്ചാൽ ‘കളി’ മാറ്റാൻ ബി.ജെ.പിയും

പ്രിയങ്ക ഗാന്ധിയെ മോദിക്കെതിരെ വാരണാസിയില്‍ മത്സരിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ഭര്‍ത്താവ് റോബര്‍ട്ട് വദ്ര.

രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്‍പര്യം ഉണ്ടെന്ന് ഇതിനകം തന്നെ വെളിപ്പെടുത്തിയ റോബര്‍ട്ട് വദ്രക്ക് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണമാണ് കുരുക്കായത്. കേസില്‍ പ്രതിയായ മരുമകനോട് രാഷ്ട്രീയത്തില്‍ തല്‍ക്കാലം ഇറങ്ങേണ്ടന്ന് ഉപദേശിച്ചതും സോണിയ ഗാന്ധിയാണ്.എന്നാല്‍ തനിക്കെതിരെ പകപോക്കല്‍ നടത്തുന്ന മോദി സര്‍ക്കാര്‍ നടപടിയില്‍ പ്രകോപിതനായ വദ്ര മോദിയെ സമര്‍ദ്ദത്തിലാക്കാനാണ് പ്രിയങ്കയോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വിജയിച്ചാലും പരാജയപ്പെട്ടാലും കാവി പടയെ വിറപ്പിക്കാന്‍ പറ്റുമെന്നും പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തിന് അത്തരമൊരു നീക്കം കാരണമാകുമെന്നും വദ്ര കരുതുന്നുണ്ട്. രാഹുലിനെയല്ല പ്രിയങ്കയെ തന്നെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തി കാട്ടാനാണ് വദ്ര ശ്രമിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ അമേഠിയിലെ റോഡ് ഷോയില്‍ തന്റെ രണ്ടു മക്കളെ കൂടി പങ്കെടുപ്പിക്കുക വഴി നെഹറു കുടുംബത്തിലെ ഭാവി നേതാക്കളെയാണ് വദ്ര പരിചയപ്പെടുത്തിയത്.റോബര്‍ട്ട് വദ്ര എന്ന ബിസിനസ്സുകാരനില്‍ തട്ടി നെഹറു കുടുംബത്തിന്റെ രാഷ്ട്രീയ ജീവിതം തകരും എന്ന വിമര്‍ശനങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് ഈ നീക്കങ്ങള്‍.

ഏതു വിധേയനേയും കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാര്‍ ഉണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് വദ്രയുടെ സകല നീക്കങ്ങളും. ഇതിനായി ചില പ്രാദേശിക പാര്‍ട്ടി നേതാക്കളെ കോണ്‍ഗ്രസ്സിനോട് അടുപ്പിക്കാനും വദ്ര ശ്രമിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം നടക്കാന്‍ സാധ്യതയുള്ള കുതിര കച്ചവടത്തില്‍ വദ്ര ഇടപെടാനുള്ള സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.മോദിക്ക് രണ്ടാം ഊഴം ലഭിച്ചാല്‍ അത് തന്റെ ഭാവി അവതാളത്തിലാക്കുമെന്നും അഴിക്കുള്ളിലാവുമെന്നും വദ്ര ഭയക്കുന്നുണ്ട്.

അതേ സമയം പ്രിയങ്ക ഗാന്ധിയുടെ ഈ ഭര്‍ത്താവിന്റെ നീക്കത്തില്‍ വലിയ ആശങ്കയിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍.കഴിഞ്ഞ യു.പി.എ സര്‍ക്കാറിന്റെ കാലത്ത് റോബര്‍ട്ട് വദ്ര നടത്തിയ ഇടപെടലുകള്‍ മന്‍മോഹന്‍ സര്‍ക്കാരിന് ചീത്ത പേര് ഉണ്ടാക്കിയതായാണ് അവരുടെ വിലയിരുത്തല്‍. വീണ്ടും യു.പി.എ അധികാരത്തില്‍ വരുന്ന സാഹചര്യം ഉണ്ടായാല്‍ വദ്രയെ മാറ്റി നിര്‍ത്തുന്നതാണ് നല്ലതെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം.

പ്രിയങ്ക ഗാന്ധി വാരണസിയില്‍ മത്സരിക്കുന്നതിനോട് എതിര്‍ക്കുന്നില്ലങ്കിലും രണ്ട് അധികാര കേന്ദ്രങ്ങള്‍ കോണ്‍ഗ്രസ്സില്‍ ഉണ്ടാവുന്നത് പിന്നീട് ചേരിതിരിവിന് ഇടയാക്കുമെന്ന ആശങ്ക രാഹുലിനുമുണ്ട്. സഹോദരി ഭര്‍ത്താവിന്റെ ‘താല്‍പ്പര്യങ്ങളില്‍’ രാഹുലിന് താല്‍പ്പര്യമില്ലന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്ന സമയത്ത് വദ്രയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യം രാഹുലിനെ അസ്വസ്ഥനാക്കിയിരുന്നു.

യു.പി.എ അധികാരത്തില്‍ വന്നാല്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന മറുപടിയാണ് വദ്രയുടെ കേസിനെ കുറിച്ച് രാഹുല്‍ മറുപടി നല്‍കിയിരുന്നത്.ബി.ജെ.പിയാകട്ടെ വദ്രയെ മുന്‍ നിര്‍ത്തി ശക്തമായ കടന്നാക്രമണമാണ് കോണ്‍ഗ്രസ്സിന് എതിരെ നടത്തുന്നത്. സ്വന്തം വീട്ടില്‍ കള്ളനെ നിര്‍ത്തിയാണ് കാവല്‍ക്കാരന്‍ കള്ളനാണ് എന്ന് രാഹുല്‍ അധിക്ഷേപിക്കുന്നതെന്നാണ് ബി.ജെ.പിയുടെ പ്രതികരണം.

എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വാദ്രക്ക് അകമ്പടി പോയ പ്രിയങ്കയുടെ നടപടിയും കാവി പട ശരിക്കും പ്രചരണായുധമാക്കിയിട്ടുണ്ട്‌. കളങ്കിതനായ ജീവിത പങ്കാളിയുള്ള പ്രിയങ്കയില്‍ നിന്നും നാട് എന്താണ് പ്രതീക്ഷിക്കേണ്ടതെന്നാണ് മാസ് ചോദ്യം. പ്രിയങ്ക വാരണസിയില്‍ മത്സരിച്ചാല്‍ വദ്രയുടെ മേല്‍ പിടിമുറുക്കി പ്രതിരോധത്തിലാക്കാനാണ് നീക്കം.മോദിയെ വീഴ്ത്താന്‍ പ്രിയങ്കയെ ഇറക്കാനുള്ള നീക്കം ഇതിനകം തന്നെ ബി.ജെ.പിയെ പ്രകോപിപ്പിച്ചിട്ടുണ്ട്. മോദിക്ക് മേല്‍ വിജയം നേടാന്‍ കഴിയില്ലങ്കിലും പ്രതിരോധത്തിലാക്കാന്‍ പ്രിയങ്കക്ക് കഴിയുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

ഈ സാഹചര്യത്തില്‍ യു.പി.എക്ക് അധികാരം പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇനി വരുന്ന മോദി സര്‍ക്കാര്‍ നെഹറു കുടുംബത്തെ കൈകാര്യം ചെയ്യുന്നത് തന്നെ വേറെ രൂപത്തിലായിരിക്കും. ഈ ഭയം മുതിര്‍ന്ന നേതാക്കള്‍ക്കിടയിലും ഇപ്പോള്‍ ശക്തമാണ്.

Top