യു.പിയില്‍ സംഘര്‍ഷത്തിനിടെ മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി

ബിജ്നോര്‍:പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യമെമ്പാടും ശക്തമാകുന്നതിനിടെ പ്രക്ഷോഭം അക്രമാസക്തമായ ഉത്തര്‍പ്രദേശിലെ ജില്ലകളിലൊന്നായ ബിജ്നോറില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.

പ്രക്ഷോഭത്തിനിടെ ഉണ്ടായ അക്രമ സംഭവങ്ങളില്‍ കൊല്ലപ്പെട്ട രണ്ടുപേരുടെ കുടുംബാംഗങ്ങളെ അവര്‍ സന്ദര്‍ശിച്ചു. പ്രദേശത്തെ ജനങ്ങളുമായി അവര്‍ സംസാരിച്ചുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം യു.പിയിലെ നിരവധി ജില്ലകളില്‍ അക്രമാസക്തമായിരുന്നു. ബിജ്നോറില്‍ പ്രക്ഷോഭകര്‍ പോലീസിനുനേരെ കല്ലും ചുടുകട്ടകളും എറിഞ്ഞു. ഏതാനും വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു. സംഘര്‍ഷത്തിനിടെയാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്ഘട്ടില്‍ തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധ പ്രകടനം നടത്താനിരിക്കെയാണ് പ്രിയങ്കയുടെ അപ്രതീക്ഷിത യു.പി സന്ദര്‍ശനം.

 

 

Top