‘പ്രിയങ്ക ട്വിറ്റര്‍ വധേര’; പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് ഉത്തര്‍പ്രദേശ് ഉപ മുഖ്യമന്ത്രി

ലക്‌നോ: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ‘പ്രിയങ്ക ട്വിറ്റര്‍ വധേര’യെന്ന് പരിഹസിച്ച് ഉത്തര്‍പ്രദേശ് ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. സംസ്ഥാനസര്‍ക്കാരുകള്‍ക്കെതിരെ നിരന്തരം ട്വീറ്റുകള്‍ ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് പരിഹാസം.

സാമൂഹ്യമാധ്യമങ്ങള്‍ പ്രിയങ്കയെ ‘ദേശീയ നേതാവ്’ എന്നാണ് വിളിക്കുന്നതെന്നും എന്നാല്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന സ്വന്തം സഹോദരനെ പോലും അമേത്തി മണ്ഡലത്തില്‍ നിന്ന് വിജയിപ്പിക്കാന്‍ അവര്‍ക്കായിട്ടില്ലെന്നും മൗര്യ പരിഹസിച്ചു.

തന്റെ സംസാരത്തിലുടനീളം സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രിയങ്കക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് വരുത്തിതീര്‍ക്കാനാണ് മൗര്യ ശ്രമിച്ചത്. ‘ഞാന്‍ അവരെ ഗൗരവമായി കണക്കാക്കുന്നേയില്ല. ഞങ്ങള്‍ അവര്‍ക്കിട്ടിരിക്കുന്ന പേര് ‘പ്രിയങ്ക ട്വിറ്റര്‍ വധേര’ എന്നാണ്. ദിവസവും രണ്ടോ മൂന്നോ തവണ ട്വീറ്റ് ചെയ്യുന്ന അവരെ സോഷ്യല്‍ മീഡിയ ‘ദേശീയ നേതാവ്’ എന്ന് വിശേഷിപ്പിക്കുന്നു. 2019 തെരഞ്ഞെടുപ്പ് കാലത്ത് സഹോദരന്റെ പ്രചരണത്തിനുവേണ്ടി ഉത്തര്‍പ്രദേശില്‍ എത്തിയതായിരുന്നു അവര്‍. രാഹുലിനെ വിജയിപ്പിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാമെന്ന് കരുതിയ അവര്‍ക്ക് പക്ഷെ അദ്ദേഹത്തെ വിജയിപ്പിക്കാന്‍ പോലുമായില്ല.’ മൗര്യ പറഞ്ഞു.

‘ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് അടിത്തറ നഷ്ടപ്പെട്ടിരിക്കുന്നു. ഫോട്ടോക്ക് പോസ് ചെയ്യാന്‍ അവസരം തേടുന്നവരല്ലാതെ യു.പിയില്‍ കോണ്‍ഗ്രസിന് നേതാക്കളില്ല.’ ഉത്തര്‍പ്രദേശിലേക്ക് തിരിച്ചെത്തിയ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചൂണ്ടിക്കാണിച്ച മാധ്യമപ്രവര്‍ത്തകരോട് മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ കാണുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.

യോഗി ആദിത്യ നാഥും ബി.ജെ.പിയും ഭരിക്കുന്നതുകൊണ്ടാണ് യു.പിയില്‍ നടക്കുന്നതെന്തും പ്രശ്‌നങ്ങളാണെന്ന് കോണ്‍ഗ്രസിന് തോന്നുന്നത്. ദൃഷ്ടിദോഷമെന്നാണ് അതിനെ പറയുകയെന്നും നല്ല ഡോക്ടറെ കാണുകയും കണ്ണട ധരിക്കുകയുമാണ് അതിനുള്ള മരുന്നെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.

Top