ഇതാണോ ജനാധിപത്യം, അജയ് മിശ്ര രാജിവയ്ക്കാതെ എങ്ങനെ നീതി നടപ്പാകുമെന്ന് പ്രിയങ്ക

ന്യൂഡല്‍ഹി: ലഖിംപുര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവയ്ക്കാതെ എങ്ങനെ നീതി നടപ്പാകുമെന്ന് പ്രിയങ്ക ചോദിച്ചു.

പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് നടന്നത് എത്ര വലിയ ആക്രമമാണെന്ന് ബോധ്യപ്പെട്ട് കഴിഞ്ഞു. എന്നിട്ടും മന്ത്രിയെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിച്ച് താനടക്കമുള്ളവരെ കസ്റ്റഡിയില്‍ വയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ഇതാണോ ജനാധിപത്യമെന്നും പ്രിയങ്ക ചോദിച്ചു.

നേരത്തെ, ലഖിംപൂരില്‍ കര്‍ഷകര്‍ക്ക് മേല്‍ വാഹനം ഇടിച്ചു കയറ്റിയ സംഭവത്തില്‍ വിമര്‍ശനവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്ര ന്യായീകരണം തുടരുന്നതിനിടെയാണ് പ്രതികരണവുമായി വരുണ്‍ ഗാന്ധി രംഗത്തെത്തിയത്.

കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാന്‍ സാധിക്കില്ലെന്നു പറഞ്ഞ വരുണ്‍ ഗാന്ധി കര്‍ഷകര്‍ക്ക് മേല്‍ വാഹനം ഇടിച്ചു കയറ്റുന്ന വിഡിയോയും പങ്കുവച്ചു. സംഭവത്തില്‍ ഇത് രണ്ടാം തവണയാണ് വരുണ്‍ ഗാന്ധി പ്രതികരിക്കുന്നത്.

ക്രൂരവും അഹങ്കാരവും പ്രതിഫലിക്കുന്നതാണ് ദൃശ്യങ്ങളെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു. നിരപരാധികളായ കര്‍ഷകരുടെ ചോര വീഴ്ത്തിയവര്‍ ഉത്തരവാദിത്തം ഏല്‍ക്കണമെന്നും നീതി ലഭ്യമാക്കണമെന്നും വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടു. ലഖിംപൂര്‍ ഖേരിയുടെ സമീപത്തുള്ള പിലിഭിത്തിലെ ബിജെപി എംപിയാണ് വരുണ്‍ ഗാന്ധി.

Top