പ്രിയങ്ക ശര്‍മ്മയെ ജയിലിലടച്ച വിഷയത്തില്‍ മമതാ ബാനര്‍ജിക്ക് സുപ്രീം കോടതി നോട്ടീസ്

mamatha-banarji

ന്യൂഡല്‍ഹി: യുവമോര്‍ച്ച നേതാവ് പ്രിയങ്ക ശര്‍മ്മയെ ജയിലിലടച്ച വിഷയത്തില്‍ മമതാ ബാനര്‍ജിക്ക് കോടതിയലക്ഷ്യത്തിന് നോട്ടീസ്. കോടതി ഉത്തരവ് വന്ന ഉടനെ തന്നെ പ്രിയങ്ക ശര്‍മയെ എന്തുകൊണ്ട് മോചിപ്പിച്ചില്ലെന്ന് ചോദിച്ച കോടതി നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനും ഉത്തരവിട്ടു.

ബോളീവുഡ് താരം പ്രിയങ്ക ചോപ്രയുടെ ചിത്രത്തോട് മോര്‍ഫ് ചെയ്ത മമത ബാനര്‍ജിയുടെ ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനാണ് പ്രിയങ്ക ശര്‍മയെ ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രിയങ്ക ശര്‍മയുടെ അറസ്റ്റ് ‘പ്രഥമ ദൃഷ്ട്യാ നിയമവിരുദ്ധമാണെന്ന് വിലയിരുത്തിയ സുപ്രീം കോടതി മോചനം വൈകിപ്പിച്ച സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചു. ആദ്യം ജാമ്യത്തിനുള്ള വ്യവസ്ഥയായി പ്രിയങ്ക മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട കോടതി പിന്നീട് ഇത് തിരുത്തി. ജാമ്യത്തിനുള്ള വ്യവസ്ഥയായി മാപ്പ് കണക്കാക്കാന്‍ കഴിയില്ലെന്ന വ്യക്തമാക്കിയ കോടതി എന്നാല്‍ മോചനത്തിന്റെ സമയത്ത് പ്രിയങ്ക മാപ്പ് പറയണമെന്നും വ്യക്തമാക്കി.

എന്നാല്‍ മാപ്പ് പറയാന്‍ തയ്യാറാകാതിരുന്ന പ്രിയങ്ക തനിക്ക് ജയിലില്‍ പീഡനമേല്‍ക്കേണ്ടി വന്നതായി ആരോപിച്ചു. പ്രിയങ്കയുടെ മോചനം വൈകിപ്പിക്കുന്നതിലൂടെ ജയില്‍ അധികൃതര്‍ സുപ്രീം കോടതി നിര്‍ദേശം ലംഘിക്കുകയാണെന്ന ആരോപണവുമായി പ്രിയങ്കയുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. പ്രിയങ്കയുടെ മോചനം ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും വലിയ ക്യാംപെയിനുകള്‍ നടന്നിരുന്നു.

Top