മോദി രണ്ടു വിമാനം വാങ്ങിയ പണത്തിന് എയര്‍ ഇന്ത്യ ഇഷ്ടക്കാര്‍ക്ക്‌ വിറ്റു തുലച്ചെന്ന് പ്രിയങ്ക

വാരണാസി: കഴിഞ്ഞ വര്‍ഷം സ്വന്തം ആവശ്യത്തിന് 16,000 കോടിരൂപയ്ക്ക് രണ്ട് വിമാനങ്ങള്‍ വാങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി 18,000 കോടിക്ക് എയര്‍ഇന്ത്യ തന്റെ കോടീശ്വരന്മാരായ സുഹൃത്തുകള്‍ക്ക് വിറ്റുവെന്ന് പ്രിയങ്ക ഗാന്ധി. വാരണാസിയില്‍ കിസാന്‍ ന്യായ് റാലിയെ അഭിസംബോധന ചെയ്യവെയാണ് അവര്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശം ഉന്നയിച്ചത്.

ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനി ആയിരുന്ന എയര്‍ഇന്ത്യ 18,000 കോടി രൂപയ്ക്ക് ടാറ്റ സണ്‍സ് ഏറ്റെടുത്തതിന് പിന്നാലെയാണ് പ്രിയങ്കയുടെ വിമര്‍ശം. പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ പ്രധാനമന്ത്രി തീവ്രവാദികളെന്ന് വിളിച്ചുവെന്ന് പ്രിയങ്ക ആരോപിച്ചു. അവരെ തെമ്മാടികളെന്ന് വിളിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവരെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു. കര്‍ഷകരെ രണ്ട് മിനിറ്റിനുള്ളില്‍ വരച്ച വരയില്‍ നിര്‍ത്തുമെന്ന് മറ്റൊരു മന്ത്രി (അജയ് കുമാര്‍ മിശ്ര) പറഞ്ഞു. മറ്റൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ ലഖ്‌നൗവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ലഖിംപുര്‍ ഖേരിയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ തയ്യാറായില്ല.

കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആറ് കര്‍ഷകരെ സ്വന്തം വാഹനം ഇടിച്ചു വീഴ്ചത്തി. തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നാണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കേന്ദ്ര സഹമന്ത്രിയേയും അദ്ദേഹത്തിന്റെ മകനെയും സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എല്ലാവരും കണ്ടതാണ്. മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ രാജ്യത്ത് ആരും സുരക്ഷിതരല്ല. പാവപ്പെട്ടവര്‍ക്കും, ദളിത് വിഭാഗക്കാര്‍ക്കും, സ്ത്രീകള്‍ക്കും ഒന്നും സുരക്ഷിതത്വമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ കോടീശ്വരന്മാരായ സുഹൃത്തുക്കള്‍ മാത്രം നല്ല രീതിയില്‍ പോകുന്നു.

പ്രധാനമന്ത്രിയുടെയോ മറ്റ് മന്ത്രിമാരുടെയോ സ്വകാര്യ സ്വത്തല്ല രാജ്യം. രാജ്യം നിങ്ങളുടേതാണ്. അക്കാര്യം നിങ്ങള്‍ക്ക് ബോധ്യപ്പെട്ടില്ലെങ്കില്‍ രാജ്യത്തെ രക്ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല.
രാജ്യത്തെ ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നത് കര്‍ഷകരാണ്. അവരുടെ മക്കളാണ് അതിര്‍ത്തികള്‍ കാക്കുന്നത്. എന്നാല്‍ അവരുടെ കുടുംബങ്ങളില്‍പ്പെട്ടവരാണ് ലഖിംപുര്‍ ഖേരിയില്‍ കൊല്ലപ്പെട്ടത്. അവരുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന വിശ്വാസം ഇല്ലാതായി. കേന്ദ്രമന്ത്രി അജയ് മിശ്രയെ സസ്‌പെൻഡ് ചെയ്യുന്നതുവരെ നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരും. അദ്ദേഹത്തിന്റെ മകനാണ് കര്‍ഷകര്‍ക്കുനേരെ വാഹനം ഓടിച്ചു കയറ്റിയത്. എന്നാല്‍ യുപി മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്നു.

പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുമായി സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമയമില്ല. കൃഷിഭൂമി നഷ്ടപ്പെടുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നീതിക്കു വേണ്ടിയുടെ പ്രക്ഷോഭം തുടരും. ജയിലില്‍ അടയ്ക്കുകയോ മര്‍ദിക്കുകയോ ചെയ്തുകൊള്ളൂ. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഒന്നിനെയും ഭയമില്ല. മാറ്റം ആഗ്രഹിക്കുന്നവര്‍ തന്റെയൊപ്പം വരൂ. ശക്തമായ പോരാട്ടം നടത്തി ഭരണമാറ്റം സാധ്യമാക്കാം. കാര്യങ്ങള്‍ക്ക് മാറ്റംവരാതെ താന്‍ പോരാട്ടം അവസാനിപ്പിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.

ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ യു.പി നിയമസഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടി നിരീക്ഷകനുമായ ഭൂപേഷ് ബാഘേലും പാര്‍ട്ടി എംപി ദീപേന്ദര്‍ സിങ് ഹൂഡയും പ്രിയങ്കയ്‌ക്കൊപ്പം ഉണ്ടായിരുന്നു. കാശി വിശ്വനാഥ ക്ഷേത്രത്തിലും മാ ദുര്‍ഗാ ക്ഷേത്രത്തിലും പ്രാര്‍ഥന നടത്തിയ ശേഷമാണ് പ്രിയങ്ക കിസാന്‍ ന്യായ് റാലിയെ അഭിസംബോധന ചെയ്യാനെത്തിയത്.

 

Top