പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം കോണ്‍ഗ്രസിന് പുതു ജീവന്‍ നല്‍കി; ഉപേന്ദ്ര കുഷ്വാഹ

റാഞ്ചി: പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശനം കോണ്‍ഗ്രസിന് പുത്തന്‍ ഉണര്‍വ് നല്‍കിയെന്ന് രാഷ്ട്രീയ ലോക് സമത പാര്‍ട്ടി നേതാവ് ഉപേന്ദ്ര കുശ്വാഹ. എന്നാല്‍, പ്രധാനമന്ത്രി ആകേണ്ടത് രാഹുല്‍ ഗാന്ധിയാണെന്നും അദ്ദേഹം അതിന് പ്രാപ്തനാണെന്നും എന്‍ഡിഎയില്‍ നിന്നും രാജിവെച്ച് യുപിഎയില്‍ ചേര്‍ന്ന മുന്‍ കേന്ദ്ര മന്ത്രി കൂടിയായ കുശ്വാഹ വ്യക്തമാക്കി.

സമീപകാലത്തായി രാജ്യത്തെ പ്രശ്‌നങ്ങളെ ഗൗരവകരമായി തന്നെയാണ് രാഹുല്‍ ഗാന്ധി കാണുന്നത്. ഈ കാലയളവിനുള്ളില്‍ അദ്ദേഹത്തിന് നിരവധി നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടായിട്ടുണ്ടെന്നും, യുവത്വത്തിന്റെ ആര്‍ജ്ജവമുള്ള രാഹുല്‍ തന്നെ പ്രധാനമന്ത്രിയായി എത്തണമെന്നും ഉപേന്ദ്ര പറയുന്നു.

പ്രിയങ്കയുടെ കടന്നുവരവ് കോണ്‍ഗ്രസിന് പുതു ജീവന്‍ നല്‍കിയിരിക്കുകയാണ്. ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച സൗഭാഗ്യമാണ് പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനമെന്നും പ്രിയങ്കയുടെ വരവോടെ ഒട്ടേറെ യുവജന പിന്തുണ നേടിയെടുക്കാനാകുമെന്നും കുശ്വാഹ വ്യക്തമാക്കി.

കഴിഞ്ഞ മാസമാണ് കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ച് ഉപേന്ദ്ര കുശ്വാഹ എന്‍ഡിഎ വിട്ടത്. അതിന് ശേഷം യുപിഎയില്‍ ചേരുകയായിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വീതം വയ്ക്കലിലെ അതൃപ്തി മൂലമാണ് കുശ്വാഹ മുന്നണി വിട്ടിറങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top