വയനാട് : തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനഘട്ടത്തില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കായി വോട്ടഭ്യര്‍ത്ഥിച്ച് പ്രിയങ്ക ഇന്ന് പര്യടനത്തിനെത്തും . മണ്ഡലത്തിലുടനീളം 5 പരിപാടികളിലാണ് പ്രിയങ്ക പങ്കെടുക്കുക.മാനന്തവാടിയില്‍ രാവിലെ യുഡിഎഫ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്ന പ്രിയങ്ക പുല്‍പ്പളളിയില്‍ നടക്കുന്ന കര്‍ഷക സംഗമത്തിലും പങ്കെടുക്കും.
കാലത്ത് 10 30 ന് വള്ളിയൂര്‍കാവ് മൈതാനിയില്‍ ഹെലികോപ്റ്ററിലെത്തുന്ന പ്രിയങ്ക മാനന്തവാടിയില്‍ പൊതു സമ്മേളനത്തെ അഭിമുഖീകരിക്കും. തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം തന്നെ പുല്‍പ്പള്ളിയിലേക്ക് തിരിക്കും. പഴശ്ലി രാജ കേളെജ് ഗ്രൌണ്ടില് ഇറങ്ങി, 11.45 ന് പുല്‍പ്പള്ളിയിലെ സീതാ ദേവീ ക്ഷേത്ര മൈതാനത്ത് കര്‍ഷക സംഗമത്തില്‍ സംബന്ധിക്കും.
ശേഷം ഹെലികോപ്റ്ററില്‍ മുട്ടില്‍ യതീംഖാന മൈതാനത്തിറങ്ങി റോഡ് മാര്‍ഗ്ഗമാണ് തൃക്കൈപ്പറ്റയിലേക്ക് പോവുക. 1.20 ഓടെ മുക്കം കുന്നിലെ വാഴക്കണ്ടി കോളനിയിലെത്തി. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന് വസന്ത കുമാറിന്റെ വീട് സന്ദര്‍ശിക്കും. തുടര്‍ന്ന് വയനാട് മണ്ഡലത്തിന്റെ ഭാഗമായ നിലമ്പൂരിലും ഏറനാടും രണ്ട് പൊതു സമ്മേളനങ്ങളില്‍ കൂടി പ്രിയങ്ക പങ്കെടുക്കുന്നുണ്ട്. ഉച്ചക്ക് 2.30ന് നിലമ്പൂരിലും 3.40ന് അരീക്കോടുമാണ് പരിപാടികള്‍ ക്രമീകരിച്ചത്.
നേരത്തെ, രാഹുല്‍ ഗാന്ധി വയനാട്ടില്‍ പത്രിക സമര്‍പ്പിച്ച ശേഷം നടത്തിയ റോഡ് ഷോയില്‍ പ്രിയങ്കയും പങ്കെടുത്തിരുന്നു. തുടര്‍ന്ന് സഹോദരനായി വയനാട്ടുകാരുടെ പിന്തുണ തേടി പ്രിയങ്ക ഗാന്ധി കുറിപ്പിട്ടിരുന്നു. ട്വിറ്ററിലൂടെയാണ് പ്രിയങ്ക രാഹുലിനായി വോട്ട് തേടിയത്.
‘എന്റെ സഹോദരന്, എന്റെ എറ്റവും വിശ്വസ്തനായ സുഹൃത്ത്, അതിനൊക്കെ മേലെ ഞാന്‍ കണ്ട ഏറ്റവും ആത്മധൈര്യമുള്ള മനുഷ്യന്. അവനെ കരുതലോടെ കാക്കുക വയനാടേ, അവനൊരിക്കലും നിങ്ങളുടെ അഭിമാനം തകരാന്‍ അനുവദിക്കില്ല… നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ രാഹുലിന്റെ ചിത്രം പങ്കുവച്ചു കൊണ്ട് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.