വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാതെ മടങ്ങില്ല: നിലപാടിലുറച്ച്‌ പ്രിയങ്ക

മിര്‍സാപുര്‍: ഉത്തര്‍പ്രദേശില്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിലും വെടിവെപ്പിലും കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാതെ മടങ്ങില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

മിര്‍സാപുര്‍ ഗസ്റ്റ് ഹൗസില്‍ എ.സി ഇല്ലെന്നും തന്നോട് വാരാണസിയിലേക്ക് മടങ്ങണമെന്നും മിര്‍സാപൂര്‍ എസ്.പി ആവശ്യപ്പെട്ടു. എന്നാല്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാതെ താന്‍ എവിടെയും പോകില്ലെന്നും തനിക്ക് എ.സി ആവശ്യമില്ലെന്നും എസ്പിയെ അറിയിക്കുകയായിരുന്നു.

താന്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാന്‍ രാവിലെ എത്തിയതാണ്. 144 പ്രഖ്യാപിച്ചതിനാല്‍ രണ്ട് പേരെ മാത്രമേ ഒപ്പം കൊണ്ടുപോവുകയുള്ളുവെന്നും പറഞ്ഞിരുന്നു. തന്നെ അവരുടെ അടുത്ത് എത്തിക്കണമെന്നും അവരെ കാണാന്‍ മാത്രമാണ് പോകുന്നതെന്നും അധികൃതരെ അറിയിച്ചതാണ്. എന്നാല്‍ അവര്‍ തന്നെ തടഞ്ഞുവെന്നും പ്രിയങ്ക വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ സോന്‍ഭാദ്രയില്‍ സ്ഥലതര്‍ക്കത്തെ തുടര്‍ന്ന് വെടിവെച്ചു കൊന്ന ദളിതരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കാഗാന്ധിയെയും കൂട്ടരെയും ഇന്ന് പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. വാരാണസിയില്‍ നിന്നും വെടിവെപ്പുനടന്ന സോന്‍ഭാദ്രയിലേക്ക് പോകവേ മുക്താര്‍പൂരില്‍വെച്ചാണ് പ്രിയങ്കയെ പൊലീസ് തടഞ്ഞത്.

ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് ഗ്രാമത്തലവന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വെടിവെപ്പില്‍ മൂന്നു സ്ത്രീകളടക്കം 10 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്.

Top