priyanka gandi lead UP election

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ്സിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കും .

അലഹബാദിലോ ലഖ്‌നൗവിലോ നടക്കുന്ന റാലിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം വേദിപങ്കിട്ടായിരിക്കും പ്രിയങ്ക നിര്‍ണായക ചുമതല ഏറ്റെടുക്കുക. രാഹുല്‍ ഗാന്ധി വിദേശത്തുനിന്ന് തിരിച്ചെത്തിയാലുടന്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും.

ഗാന്ധികുടുംബത്തിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായ അമേഠി, റായ്ബറേലി എന്നിവടങ്ങളില്‍ മാത്രമേ ഇതിനുമുമ്പ് പ്രിയങ്ക പ്രചാരണത്തിന് ഇറങ്ങിയിട്ടുള്ളൂ. ഇക്കുറി യു.പി.യിലുടനീളം പ്രിയങ്കയെ മുന്‍നിര്‍ത്തിയുള്ള പ്രചാരണമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

യു.പി.യില്‍ സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി., ബി.ജെ.പി. എന്നിവയ്ക്കുപിന്നില്‍ കോണ്‍ഗ്രസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ട് പതിറ്റാണ്ടുകളായി. വരുന്ന തിരഞ്ഞെടുപ്പില്‍ക്കൂടി തോല്‍വിയാവര്‍ത്തിച്ചാല്‍ പാര്‍ട്ടിക്ക് താങ്ങാനാവില്ലെന്ന ചിന്ത നേതൃത്വത്തിനുണ്ട്.

യു.പി.യിലെ കോണ്‍ഗ്രസ് തന്ത്രങ്ങള്‍ക്ക് രൂപംനല്‍കുന്ന തിരഞ്ഞെടുപ്പ് പ്രചാരണവിദഗ്ധന്‍ പ്രശാന്ത് കിഷോര്‍, പ്രിയങ്കയെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി അവതരിപ്പിക്കണമെന്ന് നിര്‍ദേശിച്ചെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇതിനോട് യോജിച്ചില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2018ഓടെ പ്രിയങ്കയെ പ്രധാന പ്രചാരണതാരമായി രംഗത്തിറക്കിയാല്‍ മതിയെന്ന തീരുമാനത്തിലായിരുന്നു ഇതുവരെ കോണ്‍ഗ്രസ് നേതൃത്വം.

Top