പോരാട്ടം ശക്തമാക്കി പ്രിയങ്ക ലഖ്‌നൗവിലേക്ക്; പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ?

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ലഖ്‌നൗവിലേക്ക് താമസം മാറാന്‍ ഒരുങ്ങി പ്രിയങ്ക ഗാന്ധി വദ്ര.സര്‍ക്കാര്‍ ബംഗ്ലാവ് വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രിയങ്കയ്ക്ക് ലഭിച്ച നോട്ടീസ് ഇതുസംബന്ധിച്ച തീരുമാനം വേഗത്തിലാക്കിയെന്ന് പ്രിയങ്കയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ദിര ഗാന്ധിയുടെ അമ്മായിയായ ഷീല കൗളിന്റെ ലഖ്‌നൗവിലെ വസതിയിലേക്കാണ് പ്രിയങ്ക താമസം മാറുന്നത്.യു.പി. കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്ക് കൗള്‍ ഹൗസ് ബേസ് ക്യാമ്പാക്കാനാണ് പ്രിയങ്കയുടെ തീരുമാനമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

താമസം മാറുന്നതിലൂടെ യു.പി. മുഖ്യമന്ത്രി ആദിത്യനാഥിന്റെ നഗരത്തിലേക്കാണ് പ്രിയങ്ക എത്തുന്നത്. യോഗി സര്‍ക്കാരിനെതിരെ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തി ബി.ജെ.പിക്കെതിരായ പോരാട്ടം ശക്തമാക്കി കോണ്‍ഗ്രസിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിയങ്ക എത്തുന്നത്.

ബുധനാഴ്ചയാണ് കേന്ദ്രനഗരകാര്യ മന്ത്രാലയം പ്രിയങ്കാ ഗാന്ധിയോട് ഡല്‍ഹിയിലെ വസതി ഒഴിയാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. ഒരുമാസത്തിനുള്ളില്‍ വസതി ഒഴിയാനാണ് ആവശ്യപ്പെട്ടത്. എസ്പിജി സുരക്ഷ ഒഴിവാക്കിയ സാഹചര്യത്തിലാണ് നടപടിയെന്നും നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.3.26 ലക്ഷം രൂപ കുടിശ്ശിക നല്‍കാനും ആവശ്യപ്പെട്ടിരുന്നു. ഓണ്‍ലൈന്‍ വഴി ഉടന്‍ തന്നെ പ്രിയങ്ക പണം അടച്ചു.

സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് 1997-ലാണ് പ്രിയങ്ക ഗാന്ധിക്ക് താമസിക്കുന്നതിനായി സര്‍ക്കാര്‍ ബംഗ്ലാവ് അനുവദിച്ചത്. ലോധി എസ്റ്റേറ്റിലെ 35ാം നമ്പര്‍ വസതിയായിരുന്നു പ്രിയങ്കക്ക് അനുവദിച്ചിരുന്നത്.

പ്രിയങ്കയ്ക്ക് നേരെയുള്ള സര്‍ക്കാര്‍ നടപടി കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള പ്രധാനമന്ത്രിയുടെ കടുത്ത വിദ്വേഷത്തിന്റെ കുടിപ്പകയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കൂടാതെ യുപി സര്‍ക്കാറിന്റെ ഭരണപരാജയം പുറത്തുകൊണ്ടുവരുന്നതിന്റെ അമര്‍ഷമാണ് പ്രിയങ്കാഗാന്ധിയോട് പ്രകടിപ്പിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

Top