മാധ്യമപ്രവര്‍ത്തകനോട് അപമര്യാദയായി പെരുമാറി;പ്രിയങ്കാ ഗാന്ധിയുടെ സെക്രട്ടറിക്കെതിരെ കേസ്

ന്യൂഡല്‍ഹി: ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലും വെടിവെപ്പിലും മൂന്ന് സ്ത്രീകളടക്കം ഒന്‍പതുപേര്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര സന്ദര്‍ശനത്തിനിടെ പ്രിയങ്കാ ഗാന്ധിയുടെ സെക്രട്ടറിയും സഹായിയുമായ സന്ദീപ് സിംഗിനെതിരെ മാധ്യമപ്രവര്‍ത്തകന്റെ പരാതി. പ്രിയങ്കാ ഗാന്ധിയുടെ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോള്‍ തന്നോട് അപമര്യാദയായി സന്ദീപ് സിംഗ് പെരുമാറിയെന്ന് പറഞ്ഞാണ് വരാണസി സ്വദേശി നിതീഷ് കുമാര്‍ പാണ്ഡെ പൊലീസില്‍ പരാതി നല്‍കിയത്.

പ്രാദേശിക വാര്‍ത്താചാനല്‍ പ്രവര്‍ത്തകനാണ് നിതീഷ്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രിയങ്കാ ഗാന്ധിയുടെ സെക്രട്ടറിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഖൊരാവല്‍ പൊലീസ് അറിയിച്ചു.

സന്ദീപ് സിംഗ് റിപ്പോര്‍ട്ടറോട് കയര്‍ക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.കശ്മീര്‍ വിഷയത്തില്‍ പ്രിയങ്കാ ഗാന്ധിയോട് ചോദ്യം ഉന്നയിച്ചപ്പോഴാണ് സെക്രട്ടറി മാധ്യമപ്രവര്‍ത്തകനോട് അപമര്യാദയോടെ പെരുമാറിയത്.

ബിജെപിക്ക് വേണ്ടി ചോദ്യം ചോദിക്കാന്‍ നിങ്ങള്‍ പണം വാങ്ങിയിട്ടുണ്ടോയെന്ന് സെക്രട്ടറി മാധ്യമപ്രവര്‍ത്തകനോട് ചോദിച്ചു. വീഡിയോ ബിജെപി വ്യാപകമായി പ്രചരിപ്പിച്ച് പ്രിയങ്കാ ഗാന്ധിയെ വിമര്‍ശിച്ചു.

Top