കോൺഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്കയെ കൊണ്ടുവരാൻ വദ്രയും . . .

നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് ഒരു കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ വേണ്ടെന്ന നിലപാടില്‍ സാക്ഷാല്‍ റോബര്‍ട്ട് വദ്രയും. ഇക്കാര്യം ചൂണ്ടിക്കാട്ടി ശക്തമായ ഇടപെടലാണിപ്പോള്‍ പ്രിയങ്ക ഗാന്ധിയുടെ ഈ ഭര്‍ത്താവ് അണിയറയില്‍ നടത്തി കൊണ്ടിരിക്കുന്നത്. രാഹുലിന് പകരം പ്രിയങ്ക എന്ന നിര്‍ദ്ദേശം ഇപ്പോള്‍ ഉയര്‍ത്തുന്നതും വദ്രയുടെ സുഹൃത്തുക്കളായ നേതാക്കളാണ്.

സോണിയ ഗാന്ധിയെയും ഈ മരുമകന്‍ സമ്മര്‍ദ്ദത്തിലാക്കിയതായാണ് വിവരം. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ സച്ചിന്‍ പൈലറ്റോ ജോതിരാദിത്യ സിന്ധ്യയോ അദ്ധ്യക്ഷനായാല്‍ പാര്‍ട്ടിയില്‍ പിടിമുറുക്കുമെന്ന ഭയം മുതിര്‍ന്ന നേതാക്കള്‍ക്കുമുണ്ട്. യുവ നേതാക്കള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ട് ഉള്ളതിനാല്‍ ഇവരും പ്രിയങ്ക വരുന്നതാണ് ഭേദമെന്ന നിലപാടുകാരാണ്.

സോണിയ ഗാന്ധി തന്നെ അദ്ധ്യക്ഷപദം ഏറ്റെടുക്കണമെന്ന ആവശ്യവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അനാരോഗ്യം കാരണം സ്ഥാനമൊഴിഞ്ഞ താന്‍ വീണ്ടും പദവിയില്‍ വരുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന നിലപാടിലാണ് സോണിയ.ഈ സാഹചര്യത്തിലാണ് പ്രിയങ്ക ഗാന്ധിക്കു വേണ്ടി വദ്ര ചില ഇടപെടലുകള്‍ നടത്തുന്നത്.

പ്രിയങ്ക ഇപ്പോള്‍ അദ്ധ്യക്ഷ പദവിയില്‍ വന്നാല്‍ പിന്നെ ഒരിക്കലും മാറേണ്ടി വരില്ലെന്ന തിരിച്ചറിവിലാണ് ഈ നീക്കം. ഭാവിയില്‍ പ്രധാനമന്ത്രി പദത്തില്‍ ഭാര്യയെ പ്രതിഷ്ടിക്കുക എന്നതാണ് വദ്രയുടെ ലക്ഷ്യം.

അതേസമയം, നയിക്കാന്‍ നായകനില്ലാതെ പ്രതിസന്ധിയില്‍ ഉഴലുന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ സംബന്ധിച്ച് ആര് അദ്ധ്യക്ഷനായാലും വേണ്ടില്ല, തീരുമാനം പെട്ടന്ന് വേണമെന്ന നിലപാടാണുള്ളത്.

രാഷ്ട്രീയമായ ഇടപെടല്‍ വേണ്ട ഈ സമയത്ത് ഹൈക്കമാന്റ് നോക്കുകുത്തിയാകുന്നത് വലിയ പ്രതിസന്ധിയാണ് ആ പാര്‍ട്ടിയില്‍ ഉണ്ടാക്കിയിരിക്കുന്നത്.

കര്‍ണ്ണാടക ഇപ്പോള്‍ കൈവിട്ട അവസ്ഥയിലാണ്. ആത്മാര്‍ത്ഥമായി അവിടെ ഓടി നടന്ന് പ്രവര്‍ത്തിക്കുന്നത് ഡി.കെ ശിവകുമാര്‍ മാത്രമാണ്. സോണിയ ഗാന്ധിയുടെ വിശ്വസ്തനാണ് ഈ നേതാവ്. രാഹുല്‍ ഗാന്ധി സംഘടനാ സെക്രട്ടറിയാക്കി ഉയര്‍ത്തി കൊണ്ടുവന്ന കെ.സി വേണുഗോപാല്‍ ഇവിടെ വലിയ പരാജയമായി മാറികഴിഞ്ഞു.

വീണ്ടും കോണ്‍ഗ്രസ്സിന് പങ്കാളിത്വമുള്ള സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇടപെട്ടതിനാണ് കെ.സിക്ക് പ്രമോഷന്‍ ലഭിച്ചിരുന്നത്. എന്നാല്‍ കര്‍ണ്ണാടക വീഴുന്നതോടെ ഹൈക്കമാന്റിലും കെ.സിയുടെ നില പരുങ്ങലിലാകും.

ഗോവയിലെ 15 കോണ്‍ഗ്രസ്സ് എം.എല്‍.എമാരില്‍ 10 പേര്‍ ബി.ജെ.പിയില്‍ ചേക്കേറിയതും കെ.സി.വേണുഗോപാലിന് തിരിച്ചടിയായിട്ടുണ്ട്. സംഘടനാ ചുമതല നിര്‍വ്വഹിക്കുന്നതില്‍ കെ.സിക്ക് വീഴ്ചപറ്റിയെന്ന വിമര്‍ശനമാണ് ഇവിടേയും ഉയരുന്നത്.

മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലും വിമത ശബ്ദങ്ങള്‍ ശക്തമാണ്. ഈ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാര്‍ക്കെതിരെ സച്ചിന്‍ പൈലറ്റ്, ജോതിരാദിത്യ സിന്ധ്യ ഗ്രൂപ്പുകളാണ് സജീവമായിരിക്കുന്നത്. ബി.ജെ.പിയാകട്ടെ കര്‍ണ്ണാടക വീണാല്‍ ഈ സംസ്ഥാനങ്ങളിലെ സര്‍ക്കാറിനെയും അട്ടിമറിക്കാനുള്ള നീക്കത്തിലാണ്.

പഞ്ചാബില്‍ പോലും കോണ്‍ഗ്രസ്സില്‍ വലിയ പൊട്ടിതെറിയാണുള്ളത്. മന്ത്രി സ്ഥാനം രാജിവച്ചാണ് മുന്‍ ക്രിക്കറ്റ് താരം നവ്‌ജോത് സിങ് സിദ്ദു ഇവിടെ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ് തന്നെ ബി.ജെ.പിയിലെത്തി മന്ത്രിയായും കഴിഞ്ഞു.

അധികാരത്തിനും നോട്ടുകെട്ടുകള്‍ക്കും പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളും ജനപ്രതിനിധികളുമെല്ലാം ഒഴുകുന്ന കാഴ്ച്ചയാണ് രാജ്യമെങ്ങും കാണുന്നത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ നേതാക്കള്‍ക്കിടയിലെ ഈഗോയാണ് വില്ലനായിരിക്കുന്നത്.

മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതും പി.സി ചാക്കോയും തമ്മിലുള്ള ഭിന്നതയാണ് പൊട്ടിത്തെറിയില്‍ എത്തി നില്‍ക്കുന്നത്. 14 ജില്ലാ കമ്മറ്റി നിരീക്ഷകരെയും 280 ബ്ലോക്ക് കമ്മറ്റി നിരീക്ഷകരെയും നിയോഗിച്ചതാണ് പുതിയ വിവാദത്തിന് കാരണം.

ഈ നിയമനങ്ങള്‍ക്ക് അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹിയുടെ ചുമതലയുള്ള ചാക്കോ ഷീല ദീക്ഷിതിന് കത്തയച്ചു കഴിഞ്ഞു.

എ.ഐ.സി.സി തീരുമാനത്തിന് എതിരാണ് ഈ നിയമനങ്ങളെന്നാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കണമെന്ന ചാക്കോയുടെ ആവശ്യം തള്ളിയത് ഷീല ദീക്ഷിതായിരുന്നു.

മുഖ്യമന്ത്രി കെജരിവാളിനോടുള്ള പകയായിരുന്നു ഇതിനു കാരണം. സഖ്യ സാധ്യത പൊളിക്കാന്‍ എ.കെ ആന്റണിയെയാണ് ഷീല ദീക്ഷിത് കൂട്ട് പിടിച്ചിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ചാക്കോയുടെ നിലപാടായിരുന്നു ശരിയെന്ന് വ്യക്തമായിരുന്നു.

ആം ആദ്മി പാര്‍ട്ടിയുമായി ഡല്‍ഹിയിലും ഹരിയാനയിലും സഖ്യമുണ്ടാക്കിയിരുന്നു എങ്കില്‍ അത് രണ്ട് പാര്‍ട്ടികള്‍ക്കും ഗുണം ചെയ്യുമായിരുന്നു. ഇവിടെ പരാജയം കോണ്‍ഗ്രസ് ചോദിച്ച് വാങ്ങുകയായിരുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ പരാജയത്തിന് പഴി കേള്‍ക്കുന്നതും മുതിര്‍ന്ന നേതാവായ എ.കെ ആന്റണിയാണ്.

ഈ രണ്ട് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ നിയോഗിക്കുന്ന കാര്യത്തില്‍ ആന്റണിയുടെ താല്‍പ്പര്യമാണ് നടപ്പായത്. തെറിച്ചതാകട്ടെ സച്ചിന്‍ പൈലറ്റും ജോതിരാദിത്യ സിന്ധ്യയുമായിരുന്നു. ഡല്‍ഹിയിലും എടുക്കാത്ത ചരക്കായി ഇതോടെ ആന്റണി മാറി കഴിഞ്ഞു. പുതിയ അദ്ധ്യക്ഷന്റെ പേര് ചര്‍ച്ച ചെയ്യുമ്പോള്‍ പോലും നെഹറു കുടുംബം ആന്റണിയുടെ അഭിപ്രായം ചോദിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.

ഉചിതമായ തീരുമാനം സോണിയ എടുക്കുമെന്ന് തന്നെയാണ് ഹൈക്കമാന്റ് വൃത്തങ്ങള്‍ ഇപ്പോള്‍ നല്‍കുന്ന സൂചന. അത് പ്രിയങ്കയാകുമോ അതോ മറ്റ് ഏതെങ്കിലും നേതാവാകുമോ എന്നതാണ് കണ്ടറിയേണ്ടത്. തീരുമാനം വൈകുംതോറും പാര്‍ട്ടി കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് പോയികൊണ്ടിരിക്കുന്നത്.

ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണിത്. എ.ഐ.സി.സി ആസ്ഥാനത്തെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും പണമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

തിരഞ്ഞെടുപ്പ് ഫണ്ടില്‍ ചിലവാക്കിയതില്‍ മിച്ചം വന്നത് നേതാക്കളാണ് അടിച്ച് മാറ്റിയിരിക്കുന്നത്. ഒരു സംസ്ഥാനത്തും ഭരണത്തില്‍ തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്തതിനാല്‍ കോര്‍പ്പറേറ്റുകളും കൈവിട്ടു കഴിഞ്ഞു.ജനകീയ പിരിവിന് ഇറങ്ങാന്‍ നിലവില്‍ ഇപ്പോള്‍ ‘കാലാവസ്ഥയും’ മോശമാണ്. പിരിവ് നടത്തിയാല്‍ തന്നെ മുകളിലോട്ട് കിട്ടുമെന്ന കാര്യത്തിലും ഒരു ഉറപ്പുമില്ല.

മുന്‍പ് സുധീരന്‍ അധ്യക്ഷനായിരിക്കെ കേരളത്തില്‍ കെ.പി.സി.സി നടത്തിയ ഫണ്ട് ശേഖരണത്തില്‍ നിന്നും ഒരു കോടി രൂപ ഹൈക്കമാന്റിന് നല്‍കിയിരുന്നു. ഇത് കണ്ട് രാഹുലിന്റെ പോലും കണ്ണു നിറഞ്ഞു പോയിരുന്നു. കാരണം പണം അടിച്ചു മാറ്റാനല്ലാതെ ഫണ്ട് ശേഖരിച്ച് നല്‍കുന്ന ഏര്‍പ്പാട് മുന്‍ കാലങ്ങളില്‍ കോണ്‍ഗ്രസ്സിന് ഇല്ലായിരുന്നു. ഇതാണ് രാഹുലിനെ അമ്പരപ്പിച്ചിരുന്നത്.

സംഘടനാപരമായും സാമ്പത്തികമായും ആകെ തകര്‍ന്ന് തരിപ്പണമായ കോണ്‍ഗ്രസില്‍ ആര് തന്നെ നേതൃസ്ഥാനത്ത് വന്നാലും വെല്ലുവിളി വലുതായിരിക്കും. ഇതിനെ മറികടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടി തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ് രാജ്യത്തുണ്ടാകുക.

Political Reporter

Top