ആഭ്യന്തരമന്ത്രിയുടേയും ഡല്‍ഹി പൊലീസിന്റേയും നുണപ്രചരണം പൊളിഞ്ഞു: പ്രിയങ്ക

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ ഡിസംബര്‍ 15-ന് ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികളെ ലൈബ്രറിയില്‍ കയറി ഡല്‍ഹി പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു.

ലൈബ്രറിയില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദിച്ചില്ലെന്ന കേന്ദ്ര അഭ്യന്തര മന്ത്രിയുടെയും ഡല്‍ഹി പൊലീസിന്റെയും വാദം പൊളിഞ്ഞുവെന്നും ജാമിയ ലൈബ്രറിയില്‍ നിന്നുള്ള പൊലീസ് നരനായാട്ടിന്റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് പ്രിയങ്ക ട്വീറ്റ് ചെയ്തു.

‘ലൈബ്രറിയില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് ഡല്‍ഹി പൊലീസ് ക്രൂരമായി തല്ലിച്ചതക്കുന്നത്. ഒരു വിദ്യാര്‍ത്ഥി പുസ്തകം ഉയര്‍ത്തിക്കാണിച്ചിട്ടും പൊലീസ് അയാളെ ലാത്തികൊണ്ട് അടിക്കുന്നു. ലൈബ്രറിയില്‍ കയറി ആരെയും അടിച്ചിട്ടില്ലെന്ന നുണപ്രചരണമാണ് ആഭ്യന്തരമന്ത്രിയും ഡല്‍ഹി പൊലീസും നേരത്തെ നടത്തിയിരുന്നത്. ഇത് തെറ്റെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വീഡിയോ ദൃശ്യങ്ങളെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

ലൈബ്രറിക്കകത്ത് കയറി പൊലീസ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. മുഖം മറച്ച്ക്കൊണ്ട് ലൈബ്രറിയിലേക്ക് കടന്നുകയറിയ പൊലീസ് ഉദ്യോഗസ്ഥര്‍ അവിടെ വായിച്ച്ക്കൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ ലാത്തിക്കൊണ്ട് മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പൊലീസിന്റെ ആക്രമണമെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ലജ്ജ തോന്നുന്നു ഡല്‍ഹി പൊലീസ്.’ എന്നായിരുന്നു ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി വീഡിയോ പങ്കുവെച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്.

Top