ഗോമാതാക്കള്‍ ദുരിതത്തില്‍; നടപടി വേണമെന്ന് ആവശ്യപ്പെട്ട് യോഗിയ്ക്ക് പ്രിയങ്കയുടെ കത്ത്

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ പശുക്കള്‍ ദുരിതത്തിലാണെന്നും അവയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി. ലളിത്പൂരിലെ സോജനയില്‍ ചത്ത പശുക്കളുടെ ചിത്രങ്ങള്‍ കൂടി ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക കത്തയച്ചിരിക്കുന്നത്.

ലളിത്പൂരിലെ പശുക്കളുടെ മരണകാരണം ഔദ്യോഗികമായി വ്യക്തമല്ല, എങ്കിലും പട്ടിണികിടന്നാണ് ഭൂരിഭാഗവും ചത്തതെന്ന് മനസിലാക്കാവുന്നതേ ഉള്ളൂ എന്നും പ്രിയങ്ക കത്തില്‍ പറയുന്നു.

‘ഇത്തരത്തില്‍ പശുക്കളുടെ ചിത്രങ്ങള്‍ കാണുന്നത് ആദ്യമല്ല. യു.പിയില്‍ വിവിധ ഇടങ്ങളിലായി പശുക്കള്‍ വലിയ ദുരിതാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. പശുക്കളെ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ആദിത്യനാഥ് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. പശു സംരക്ഷണ വിഷയത്തില്‍ ഛത്തീസ്ഗഢ് സര്‍ക്കാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊളളണം ” പ്രിയങ്ക ആവശ്യപ്പെട്ടു.

മഹാത്മാ ഗാന്ധി പശു സംരക്ഷണമെന്നത് കൊണ്ട് നിസ്സഹായരും ദുര്‍ബലരുമായ എല്ലാ ജീവികളുടെയും സംരക്ഷണത്തിലാണ് വിശ്വസിച്ചതെന്നും പ്രിയങ്ക ഗാന്ധി ഓര്‍മ്മിപ്പിച്ചു.

ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ ‘ഗോദാന്‍ ന്യായ് യോജന’പദ്ധതി വഴി പശുക്കളെ സംരക്ഷിക്കാനും അതുവഴി പരിസ്ഥിതി സംരക്ഷണത്തിനും വരുമാനമുണ്ടാക്കുന്നതിനും പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.

Top