പ്രിയങ്ക ഗാന്ധിയേയും പോലീസ് കസ്റ്റഡിയിലെടുത്തു

പാർലമെന്റിന് മുന്നിൽ പ്രതിഷേധം നടത്തിയതിനെ തുടർന്ന് പ്രിയങ്ക ഗാന്ധിയേയും പോലീസ് കസ്റ്റഡിയിലെടുത്തു. രാഹുൽ ഗാന്ധിയെ കസ്റ്റഡിയിൽ എടുത്തതിനു പിന്നാലെയാണ് പ്രിയങ്കയുടെ അറസ്റ്റ്. ഇവർക്കൊപ്പം ശശി തരൂർ, ഹൈബി ഈഡൻ എന്നിവരടക്കമുള്ള നേതാക്കളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കറുപ്പ് വസ്ത്രം ധരിച്ചായിരുന്നു രാഹുലും പ്രിയങ്കയും പ്രതിഷേധത്തിന് എത്തിയത്.

അവശ്യ സാധനങ്ങളുടെ വില വർദ്ധനവ്, തൊഴിലില്ലായ്മ, ജിഎസ്ടി എന്നിവയ്‌ക്കെതിരെ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് ഇവരെ കസ്റ്റഡിയിലെടുക്കുന്നത്. പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കാനും രാഷ്ട്രപതി ഭവൻ മാർച്ചിനുമാണ് കോൺഗ്രസ് ആഹ്വാനം ചെയ്തത്. എന്നാൽ ഇതിന് പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു. പോലീസ് അനുമതി നിഷേധിച്ചതിന് പിന്നാലെ പാർലമെന്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് അറസ്റ്റ്.

സമാധാനപരമായി പ്രതിഷേധം സംഘടിപ്പിച്ച എംപിമാരെ പോലീസ് മർദ്ദിച്ചുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് രാജ്യസഭ നടപടികൾ ഇന്നത്തേയ്ക്ക് നിർത്തിവെച്ചു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യത്തിനെതിരെ സംസാരിക്കുന്നവരെയെല്ലാം മർദ്ദിക്കുകയും തടങ്കലിൽ അടക്കുകയുമാണ് ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Top