പ്രിയങ്ക ഗാന്ധി ഇന്ന് സോന്‍ഭദ്രയില്‍; കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തും

സോന്‍ഭദ്ര: ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലും വെടിവെപ്പിലും മൂന്ന് സ്ത്രീകളടക്കം ഒന്‍പതുപേര്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ല എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് സന്ദര്‍ശിക്കും. രാവിലെ ഡല്‍ഹിയില്‍ നിന്നും യാത്ര ആരംഭിച്ച പ്രിയങ്ക ഒന്നരയോടെ ഗ്രാമത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തും.

ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലും വെടിവെപ്പിലും ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ മൂന്ന് സ്ത്രീകളടക്കം ഒന്‍പതുപേരാണ് കൊല്ലപ്പെട്ടത്. രണ്ടുവര്‍ഷം മുമ്പ് ഗ്രാമമുഖ്യന്‍ ഇവിടെ 36 ഏക്കര്‍ കൃഷിസ്ഥലം വാങ്ങിയിരുന്നു. ഇന്ന് ഗ്രാമമുഖ്യനും കൂട്ടാളികളും ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സ്ഥലത്തെത്തിയപ്പോള്‍ ഗ്രാമവാസികള്‍ എതിര്‍പ്പുമായി രംഗത്തെത്തി. ഇരുകൂട്ടരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടാവുകയും സംഘര്‍ഷം ഉടലെടുക്കുകയുമായിരുന്നു. തുടര്‍ന്ന് ഗ്രാമമുഖ്യന്റെ കൂടെയുണ്ടായിരുന്ന ഒരാള്‍ നടത്തിയ വെടിവയ്പ്പിലാണ് നാല് സ്ത്രീകള്‍ ഉള്‍പ്പടെ ഒമ്പത് ഗ്രാമവാസികള്‍ കൊല്ലപ്പെട്ടത്.

സംഭവത്തില്‍ യു.പി സര്‍ക്കാരിനെതിരെ വിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് സോന്‍ഭദ്ര സനര്‍ശിക്കാനെത്തിയ പ്രിയങ്കയെ മിര്‍സാപൂരില്‍ വച്ച് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

പ്രിയങ്ക പ്രദേശത്ത് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ധര്‍ണയിലായിരുന്ന പ്രിയങ്കയെ പൊലീസ് എത്തിച്ച ഗസ്റ്റ് ഹൗസില്‍ എത്തിയാണ് കൊല്ലപ്പെട്ടവരുടെ കുടുബാംഗങ്ങള്‍ കണ്ടത്. അന്ന് ഗ്രാമത്തില്‍ എത്തുമെന്ന് പ്രിയങ്ക വാക്ക് നല്‍കിയിരുന്നു. പ്രിയങ്കയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.

അതേ സമയം സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പ്രിയങ്കാഗാന്ധി പ്രഖ്യാപിച്ച സാമ്പത്തിക സഹായം കൈമാറിയിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപവീതമാണ് നല്‍കിയത്.

Top