മാല ചാര്‍ത്താനായില്ല; പൊക്കക്കുറവുള്ള പ്രവര്‍ത്തകനെ സഹായിച്ച് പ്രിയങ്ക

ലക്‌നൗ: എളിമകൊണ്ട് വീണ്ടും ജനഹൃദയങ്ങളില്‍ ഇടം പിടിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഗാസിയാബാദിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രിയങ്ക നടത്തിയ റോഡ് ഷോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

റോഡിന്റെ ഇരുവശവും നില്‍ക്കുന്ന വന്‍ ജനാവലിയില്‍ നിന്ന് പ്രിയങ്കയെ അണിയിക്കാന്‍ ജമന്തി മാലയുമായി ഒരു യുവാവ് എത്തി. പൊക്കം കുറഞ്ഞ യുവാവ് ആള്‍ക്കൂട്ടത്തിനിടയില്‍ മാലയുമായി നില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെ വണ്ടിയിലിരുന്ന് പ്രിയങ്ക യുവാവിനെ അടുത്തേക്ക് വിളിക്കുകയും യുവാവിനെ സമീപത്തു നിന്നവര്‍ എടുത്തുയര്‍ത്തി പ്രിയങ്കയുടെ കഴുത്തില്‍ മാലയണിയിക്കുകയും ചെയ്തു. ഒപ്പം പ്രിയങ്ക യുവാവിന്റെ പേര് ചോദിക്കുകയും നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

കോണ്‍ഗ്രസ് അദ്ധ്യക്ഷനും നിലവിലെ സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രചരണ പരിപാടികളില്‍ സജീവമായി പ്രിയങ്കയും ഉണ്ട്. പ്രിയങ്കയെത്തുന്ന പ്രചരണ പരിപാടികള്‍ക്കും റോഡ് ഷോയ്ക്കും വന്‍ ജനക്കൂട്ടമാണ് എത്തുന്നത്. വയനാട്ടില്‍ രാഹുല്‍ തിരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍ പ്രിയങ്കയുമൊപ്പമുണ്ടായിരുന്നു.

Top