രാഷ്ട്രീയത്തിലിറങ്ങണമെന്ന് തന്നോട് ആദ്യം നിര്‍ദ്ദേശിച്ചത് നെല്‍സണ്‍ മണ്ടേല; ഓര്‍മകള്‍ പങ്കുവെച്ച് പ്രിയങ്ക

ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലിറങ്ങണമെന്ന് മറ്റാരെക്കാളും മുമ്പ് തന്നോട് ആദ്യം നിര്‍ദേശിച്ചത് നെല്‍സണ്‍ മണ്ടേലയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ദക്ഷിണാഫ്രിക്കന്‍ വിമോചന പോരാളിയായ നെല്‍സണ്‍ മണ്ടേലയുടെ 101-ാം ജന്മദിനത്തിലാണ് അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു കൊണ്ട് പ്രിയങ്കയുടെ ട്വീറ്റ്. നെല്‍സണ്‍ മണ്ടേലയോടൊപ്പമുള്ള ചിത്രം സഹിതമാണ് പ്രിയങ്ക ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘ലോകം ഇന്ന് ഏറ്റവും ആഗ്രഹിക്കുന്നത് നെല്‍സണ്‍ മണ്ടേലയെ പോലുള്ള നേതാക്കന്മാരെയാണ്. സത്യം, സ്നേഹം, സ്വാതന്ത്ര്യം എന്നിവയെല്ലാം കൂടികലര്‍ന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹം എനിക്ക് അങ്കിള്‍ നെല്‍സണായിരുന്നു (മറ്റാരെക്കാളും മുന്‍പെ ഞാന്‍;രാഷ്ട്രീയത്തില്‍ ഉണ്ടാവണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു). എന്നും എന്റെ പ്രചോദനവും മാര്‍ഗദര്‍ശിയുമായിരിക്കും അദ്ദേഹം.’ എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.

ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖനേതാവാണ് നെല്‍സണ്‍ മണ്ടേല. തുടര്‍ന്ന് വര്‍ണ്ണ-വംശ വ്യത്യാസമില്ലാതെ ദക്ഷിണാഫ്രിക്കയിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളേയും ഉള്‍പ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പില്‍ വിജയിച്ച മണ്ടേല 1994 മുതല്‍ 1999 വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായിരുന്നു. 1993-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നെല്‍സണ്‍ മണ്ടേലയ്ക്ക് ലഭിച്ചു. ഭാരതത്തിലെ ഏറ്റവും ഉയര്‍ന്ന ദേശീയബഹുമതിയായ ഭാരതരത്‌നം നല്‍കി 1990 ല്‍ ഭാരതസര്‍ക്കാര്‍ മണ്ടേലയെ ആദരിച്ചു.

Top