ജനങ്ങളുടെ ശബ്ദം കേള്‍ക്കുന്നത് ഭയം; മോദി സര്‍ക്കാര്‍ ”ഭീരു”എന്ന് പ്രിയങ്ക ഗാന്ധി

ഡല്‍ഹി: ജനങ്ങളുടെ ശബ്ദം കേള്‍ക്കുമെന്ന് ഭയന്ന് വിദ്യാര്‍ഥികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ശബ്ദം അടിച്ചമര്‍ത്തുന്ന മോദി സര്‍ക്കാര്‍ ”ഭീരു” ആണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഡല്‍ഹിയിയിലെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചാണ് പ്രിയങ്ക ഗാന്ധി മോദി സര്‍ക്കാരിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയത്.

പൊലീസ് സര്‍വ്വകലാശാലയില്‍ പ്രവേശിച്ച് വിദ്യാര്‍ത്ഥികളെ അക്രമിക്കുകയായിരുന്നു. സര്‍ക്കാര്‍ മുന്നോട്ട് വന്ന് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട സമയത്ത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, ഉത്തന്‍ പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികളെയും പത്രപ്രവര്‍ത്തകരെയും ബി.ജെ.പി. സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ്. ഇതൊരു ഭീരുക്കളുടെ സര്‍ക്കാരാണ്.’ -പ്രിയങ്ക ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

യുവജനങ്ങളുടെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാരിന് സാധിക്കുകയില്ലെന്നും പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി മോദിക്ക് താക്കീത് നല്‍കി ‘സ്വേച്ഛാധിപത്യത്തിലൂടെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും രാജ്യത്തെ യുവാക്കളുടെ ശബ്ദം മോദിക്ക് കേള്‍ക്കേണ്ടിവരും’ – അവര്‍ ട്വിറ്ററില്‍ കുറിച്ചു.

പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധം നടത്തിയ ജാമിയ മിലിയ ഇസ്ലാമിക് സര്‍വ്വകലാശാലയിലാണ് പൊലീസ് കടന്നുകയറിയത്. രാജ്യത്തെ പല സര്‍വ്വകലാശാലകളിലും ഇതിനെത്തുടര്‍ന്ന് പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.

Top