സച്ചിന്‍ പക്ഷത്തെ മന്ത്രിസഭയുടെ ഭാഗമാക്കണം; അശോക് ഗെലോട്ടിന് പ്രിയങ്കയുടെ നിര്‍ദേശം

ജയ്പുര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ് ഉള്‍പ്പോരില്‍ ശക്തമായി ഇടപെട്ട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. സച്ചിന്‍ പൈലറ്റ് വിഭാഗത്തെ ഉള്‍പ്പെടുത്തി അടിയന്തരമായി മന്ത്രിസഭാ വികസനം നടത്തണമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് പ്രിയങ്ക ഗാന്ധി നിര്‍ദേശം നല്‍കി. ബുധനാഴ്ച ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ അശോക് ഗെലോട്ടുമായി നടന്ന 45 മിനിറ്റ് കൂടിക്കാഴ്ചയില്‍ പ്രിയങ്കയും ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും രാജസ്ഥാന്റെ ചുമതലയുള്ള അജയ് മാക്കനും പങ്കെടുത്തു. ചര്‍ച്ചയില്‍ രാഹുല്‍ പങ്കെടുത്തില്ലെന്നാണു റിപ്പോര്‍ട്ട്.

ഒരു വര്‍ഷമായി അശോക് ഗെലോട്ട് വൈകിപ്പിക്കുന്ന കോര്‍പ്പറേഷന്‍ നിയമനങ്ങളും വേഗത്തില്‍ നടപ്പാക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷം പൈലറ്റ് വിഭാഗം ഇടഞ്ഞപ്പോള്‍ പ്രിയങ്ക ഇടപെട്ട് ഉണ്ടാക്കിയ ധാരണയുടെ ഭാഗമായിരുന്നു മന്ത്രിസഭാ വികസനം. പൈലറ്റിനെ അനുകൂലിക്കുന്നവരെ കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ധാരണയിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ വീഴുമെന്ന ഘട്ടത്തില്‍ ഹൈക്കമാന്‍ഡ് ഇടപെട്ട് സമവായത്തിലെത്തിച്ചെങ്കിലും മന്ത്രിസഭാ വികസനം വൈകിയതിനെ തുടര്‍ന്നാണ് ഗെലോട്ടിനെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചത്.

2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയച്ചശേഷം സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിസ്ഥാനത്തിനു വേണ്ടി ശ്രമിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഇടപെട്ട് ഉപമുഖ്യമന്ത്രിയാക്കുകയായിരുന്നു. അന്നുമുതല്‍ ഗെലോട്ട്-സച്ചിന്‍ പോര് സംസ്ഥാന രാഷ്ട്രീയത്തില്‍ തുടര്‍ക്കഥയാണ്. കഴിഞ്ഞ വര്‍ഷം സച്ചിനും 18 എംഎല്‍എമാരും ഡല്‍ഹിയിലെത്തി പ്രതിഷേധിച്ചിരുന്നു. അപ്പോഴും രാഹുലും പ്രിയങ്കയും ഇടപെട്ടാണ് പ്രശ്നം തണുപ്പിച്ചത്. എന്നാല്‍ സംസ്ഥാനത്ത് നേതൃമാറ്റം വേണമെന്ന സച്ചിന്റെ ആവശ്യം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തയാറായിട്ടില്ല. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിന്റെ ചുമതല സച്ചിന്‍ ഏറ്റെടുക്കണമെന്നാണ് രാഹുല്‍ ആവശ്യപ്പെടുന്നത്. സച്ചിന്‍ ഇതിനു തയാറായിട്ടില്ല.

 

Top