‘ഞെട്ടലും ലജ്ജയും’; യുഎന്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചതില്‍ പ്രിയങ്ക ഗാന്ധി

ദില്ലി: ഗാസയില്‍ സമാധാനം പുലരണമെന്ന് ആവശ്യപ്പെട്ടുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തിലെ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്ന ഇന്ത്യയുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ ഐ സി സി അംഗം പ്രിയങ്ക ഗാന്ധി രംഗത്ത്. യു എന്‍ പ്രമേയത്തിലെ ഇന്ത്യന്‍ നിലപാട് ഞെട്ടപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതുമെന്നാണ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്. രാജ്യമെന്ന നിലയില്‍ ഇന്ത്യ ഇതുവരെ നേടിയ എല്ലാ പുരോഗതികള്‍ക്കും എതിരാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെന്നും അവര്‍ അഭിപ്രായപ്പെട്ടു. കണ്ണിന് പകരം കണ്ണ് എന്ന നിലപാട് ലോകത്തെ അന്ധരാക്കുമെന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ആമുഖമായി കുറിച്ചുകൊണ്ട് സമൂഹമാധ്യമമായ എക്‌സിലൂടെയാണ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്.

”മനുഷ്യരാശിയുടെ മുഴുവന്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തുമ്പോഴും, ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം, വെള്ളം, വൈദ്യസഹായം, ആശയവിനിമയം, വൈദ്യുതി എന്നിവ നിഷേധിക്കപ്പെടുമ്പോഴും, പലസ്തീനിലെ ആയിരക്കണക്കിന് പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉന്മൂലനം ചെയ്യപ്പെടുമ്പോഴും അതിനെതിരെ ഒരു നിലപാടും എടുക്കാതെ നിശബ്ദമായി നോക്കിനില്‍ക്കുന്നത് ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മുടെ രാജ്യം ഇക്കാലമത്രയും നിലകൊണ്ട എല്ലാത്തിനും എതിരാണ്” കോണ്‍ഗ്രസ് നേതാവ് ട്വീറ്റ് ചെയ്തു.

”കണ്ണിന് പകരം കണ്ണ് എന്ന ചിന്ത ലോകത്തെ മുഴുവന്‍ അന്ധരാക്കുന്നു”- മഹാത്മാഗാന്ധിയെ ഉദ്ധരിച്ച് പ്രിയങ്ക തുടര്‍ന്നു. ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയ ഹമാസ് ഭീകരസംഘടനയെക്കുറിച്ച് പരാമര്‍ശമില്ലാത്തതിനാലാണ് പ്രമേയത്തിലെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നത്. യുഎന്‍ പൊതു സഭയില്‍ ജോര്‍ദാന്‍ മുന്നോട്ട് വച്ച പ്രമേയത്തിന് ബംഗ്ലാദേശ്, മാലിദ്വീപ്, പാകിസ്താന്‍, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവയുള്‍പ്പെടെ 40 ലധികം രാജ്യങ്ങള്‍ പിന്തുണച്ചു. ഗസ്സയിലേക്ക് സഹായം എത്തിക്കുക, സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കുക എന്നിവയായിരുന്നു പ്രമേയത്തിലെ മറ്റ് പ്രധാന ആവശ്യങ്ങള്‍.

Top