രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ തകർക്കാൻ കേന്ദ്രസര്‍ക്കാര്‍ കോടികൾ ചിലവാക്കിയെന്ന് പ്രിയങ്കാ ഗാന്ധി

ദില്ലി : രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചെന്നും ഇതിനായി കോടികൾ ചിലവാക്കിയെന്നും സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. ഭാരത് ജോഡോ യാത്രയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. രാഹുല്‍ഗാന്ധിയുടെ പ്രതിച്ഛായ തകര്‍ത്ത് കോണ്‍ഗ്രസിനെ മോശമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചതെന്ന് പ്രിയങ്ക തുറന്നടിച്ചു. സകലതും വിലക്കെടുത്ത അദാനിക്കും അംബാനിക്കും രാഹുലിനെ വിലക്കെടുക്കാന്‍ കഴിഞ്ഞില്ലെന്ന പ്രിയങ്കയുടെ പരമാര്‍ശവും കേന്ദ്രസര്‍ക്കാരിനെ ഉന്നമിട്ടായിരുന്നു.

ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ട പര്യടനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. മുപ്പത് വരെ നീളുന്നതാണ് രണ്ടാം ഘട്ട പര്യടനം. ഉത്തര്‍പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലൂടെ കശ്മീരിലവസാനിക്കുന്ന യാത്രയില്‍ നിലപാട് കൂടുതല്‍ വ്യക്തമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

ഇതിനിടെ രാഹുല്‍ഗാന്ധിയുടെ ദൗത്യം രാജ്യത്തിന്റെ നന്മക്ക് വേണ്ടിയാണെന്ന് അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി സത്യേന്ദ്ര ദാസ് ആശംസിച്ചത് വിഎച്ച്പിയെ ചൊടിപ്പിച്ചു. യാത്രയിലേക്കുള്ള ക്ഷണത്തിന് മറുപടിയായാണ് ആശംസ നേര്‍ന്നത്. സത്യേന്ദ്രദാസ് കോണ്‍ഗ്രസിന്റെ ചരിത്രം മനസിലാക്കണമായിരുന്നുവെന്ന് വിഎച്ച്പി പ്രതികരിച്ചു. മുന്‍ റോ സെക്രട്ടറിയും വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ജമ്മുകശ്മീരിന്റെ ഉപദേഷ്ടാവുമായിരുന്ന എ എസ് ദുലത് യാത്രയില്‍ ചേര്‍ന്നതും പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.

Top