പ്രിയങ്കയുടെ ‘യാഗാശ്വത്തെ’ തടയാൻ പത്മവ്യൂഹമൊരുക്കി ബി.ജെ.പി രംഗത്ത്

പ്രിയങ്ക ഗാന്ധിയുടെ രംഗപ്രവേശനത്തോടെ ചൂടുപിടിച്ച ദേശീയ രാഷ്ട്രീയത്തില്‍ തന്ത്രപരമായ നീക്കത്തില്‍ ബി.ജെ.പി. ഇന്ദിരാഗാന്ധിയുടെ മുഖച്ഛായയുള്ള പ്രിയങ്ക ഗാന്ധി ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ഗാന്ധി കുടുംബത്തിനെതിരെ ശക്തമായ പ്രചരണമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.

പ്രിയങ്കയെ മുത്തശ്ശി ഇന്ദിരാഗാന്ധിയോട് ഉപമിക്കാമെങ്കില്‍ രാഹുല്‍ ഗാന്ധിയെ മുത്തച്ഛന്‍ ഫിറോസ് ഗാന്ധിയോട് ഉപമിക്കാത്തത് എന്താണെന്നാണ് സംഘ പരിവാര്‍ സംഘടനകള്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യം. മധ്യപ്രദേശിലെ ബി.ജെ.പി വക്താവ് ലോകേന്ദ്രയുടെ ഈ പരാമര്‍ശം ഇതിനകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു.

പ്രിയങ്കയില്‍ ഇന്ദിരാഗാന്ധിയെ പ്രതീക്ഷിക്കുന്നവര്‍ രാഹുലിനെ എന്തുകൊണ്ടാണ് മുത്തച്ചനോട് സാദൃശപ്പെടുത്താത്ത് എന്നതിന് കോണ്‍ഗ്രസ്സ് നേതൃത്വം മറുപടി പറയണമെന്നതാണ് ബി.ജെ.പിയുടെ ആവശ്യം. പ്രിയങ്കയുടെ ജീവിത പങ്കാളി കളങ്കിതനാണെന്ന ആരോപണത്തോടെ പൊതു സമൂഹത്തിനിടയില്‍ ഗാന്ധി കുടുംബത്തിനെതിരായ വികാരവും ബി.ജെ.പി ലക്ഷ്യമിടുന്നുണ്ട്.

റോബര്‍ട്ട് വാദ്രയ്ക്ക് എതിരെയുള്ള അഴിമതി ആരോപണങ്ങളും കേസുകളും ചര്‍ച്ചയാക്കി ഉയര്‍ത്തി കൊണ്ടുവരാന്‍ പാര്‍ട്ടി ഐ.ടി വിഭാഗത്തിന് ബി.ജെ.പി കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. വരും ദിവസങ്ങളില്‍ ഇതു സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വീണ്ടും ഒരിക്കല്‍ കൂടി കോണ്‍ഗ്രസ്സിന് വോട്ട് ചെയ്താല്‍ അത് രാജ്യത്തെ നാശത്തിലേക്ക് നയിക്കുന്ന കുടുംബ വാഴ്ചക്കു തന്നെ കാരണമാകുമെന്നാണ് ബി.ജെ.പി നല്‍കുന്ന മുന്നറിയിപ്പ്. രാജ്യമാകെ സഞ്ചരിച്ച് തരംഗം ഉണ്ടാക്കാനുള്ള പ്രിയങ്ക ഗാന്ധിയുടെ നീക്കത്തിന് തടയിടാനാണ് ഒരു മുഴം മുന്‍പേയുളള കാവിപ്പടയുടെ ഈ ആക്രമണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ലോകസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ യുപിയിലാണ് പ്രിയങ്കക്ക് രാഹുല്‍ ചുമതല നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ്സ് പ്രചരണ റാലികളിലും പ്രിയങ്ക പ്രസംഗിക്കും.

രാഹുല്‍ ഗാന്ധിയെ മുന്‍ നിര്‍ത്തി ജയിക്കാന്‍ പറ്റില്ലെന്ന് വ്യക്തമായതോടെ അവസാനത്തെ ശ്രമമായാണ് സഹോദരിയെ കോണ്‍ഗ്രസ്സ് രംഗത്തിറക്കിയതെന്ന് ഇതിനകം തന്നെ ആരോപണം ഉയര്‍ന്നു കഴിഞ്ഞു.

ഏറ്റവും കൂടുതല്‍ ലോക സഭാംഗങ്ങളെ തിരഞ്ഞെടുക്കുന്ന യു.പിയില്‍ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കുന്നതിന് പ്രിയങ്കയുടെ സാന്നിധ്യം വഴിവയ്ക്കുമെന്നാണ് രാഷ്ട്രിയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

ഇവിടെ എസ്.പി – ബി.എസ്.പി സഖ്യം 38 സീറ്റുകളില്‍ വീതമാണ് മത്സരിക്കുന്നത് അശേഷിക്കുന്ന 4 സീറ്റുകള്‍ ചെറിയ പാര്‍ട്ടികള്‍ക്കാണ് വിട്ടു കൊടുത്തിരിക്കുന്നത്.

അഭിപ്രായ സര്‍വേകളില്‍ യു.പിയിലെ 80 സീറ്റുകളില്‍ 50 മുതല്‍ 60 വരെ സീറ്റും എസ്.പി – ബി.എസ്.പി സഖ്യം നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സ് ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.

പ്രിയങ്ക ഗാന്ധി പ്രചരണ രംഗത്ത് സജീവമാകുന്നതും റിബല്‍ സ്ഥാനാര്‍ത്ഥികള്‍ രംഗപ്രവേശനം ചെയ്യുന്നതും പ്രതിപക്ഷ വോട്ടുകള്‍ ചിന്നഭിന്നമാകാന്‍ കാരണമാകുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രിയ നിരീക്ഷകര്‍.

എസ്.പി – ബി.എസ്.പി സഖ്യം വന്നതോടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും പിന്തള്ളപ്പെടുന്ന ഇരു പാര്‍ട്ടികളിലെയും സ്ഥാനാര്‍ത്ഥി മോഹികള്‍ റിബലുകളായി മത്സരിക്കാന്‍ സാധ്യത കൂടുതലാണ്. യു.പി ബി.ജെ.പി ഭരണത്തിന്‍ കീഴില്‍ ആയതിനാല്‍ റിബലുകള്‍ക്ക് ആവശ്യമായ ‘ഭൗതിക’ സാഹചര്യം ഒരുക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ സഹായവും ഉറപ്പാണ്.

ഈ കണക്കുകൂട്ടലുകള്‍ ശരിയായാല്‍ അത് നരേന്ദ്ര മോദി സര്‍ക്കാറിന്റെ രണ്ടാം ഊഴത്തിലാണ് കലാശിക്കുക. 2014ലെ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 80-ല്‍ 71 സീറ്റും തൂത്ത് വാരിയത് ബി.ജെ.പിയാണ്.

ഏത് വിധേയനേയും കേന്ദ്ര ഭരണം നില നിര്‍ത്താന്‍ സര്‍വ്വശക്തിയും എടുത്ത് കളത്തില്‍ ഇറങ്ങാനാണ് സംഘ പരിവാര്‍ സംഘടനകള്‍ക്ക് ആര്‍.എസ്.എസ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ഇതിനിടെ ബീഹാറില്‍ കോണ്‍ഗ്രസ്സ് സഖ്യകക്ഷിയായ ആര്‍.ജെ.ഡിയെ പ്രതിരോധത്തിലാക്കി മുന്‍ മുഖ്യമന്ത്രി റാബറി ദേവിയുടെ സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടു കെട്ടിയിട്ടുണ്ട്. ലാല്ലു പ്രസാദ് യാഥവാണ് ഭാര്യയെ മുന്‍നിര്‍ത്തി ബീഹാറില്‍ ഭരണം നടത്തിയിരുന്നത്. ലല്ലുവിന്റെ രണ്ട് വീട്ടുജോലിക്കാര്‍ സമ്മാനിച്ചെന്ന് അവകാശപ്പെട്ട വീടുകളും കണ്ടു കെട്ടിയവയില്‍ ഉള്‍പ്പെടുന്നു.

ബീഹാറില്‍ ബി.ജെ.പി – ജെ.ഡി.യു സഖ്യത്തിനാണ് മുന്‍തൂക്കമെന്നാണ് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നത്.

ചരിത്രത്തില്‍ ആദ്യമായി പ്രതിരോധ മേഖലയ്ക്ക് വന്‍ ബജറ്റ് വിഹിതം മാറ്റിവെച്ച മോദി സര്‍ക്കാര്‍ നടപടിയും വോട്ട് ബാങ്ക് കൂടി ലക്ഷ്യമിട്ടാണ്. പട്ടാളക്കാരുടെ കുടുംബങ്ങളെ കണക്കാക്കിയാല്‍ തന്നെ അംഗസംഖ്യ കോടികള്‍ വരും. മൂന്ന് ലക്ഷം കോടിയാണ് പ്രതിരോധ മേഖലയ്ക്കായി കേന്ദ്ര ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത്.

പട്ടാളക്കാര്‍ നമ്മുടെ അന്തസ്സും അഭിമാനവുമാണ്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി പ്രകാരം ഇതുവരെ 35000 കോടി വിതരണം ചെയ്ത് കഴിഞ്ഞൂവെന്നും സൈന്യത്തില്‍ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുമെന്നും മന്ത്രി പീയുഷ് ഗോയല്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് 40 വര്‍ഷത്തോളമായി വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നിലച്ചിരിക്കുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇത് വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞൂവെന്നും അദ്ദേഹം പറഞ്ഞു.

മോദി സര്‍ക്കാരിന്റെ ഇപ്പോഴത്തെ അപ്രതീക്ഷിത നീക്കത്തില്‍ അമ്പരന്നിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.

political reporter

Top