പ്രിയങ്കയുടെ മാസ് വരവിൽ അമ്പരന്ന് ബി.ജെ.പി, പ്രതിരോധിക്കാൻ തന്ത്രങ്ങൾ

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ചത് മോദി തരംഗമായിരുന്നു. അതിന്റെ അലയൊലികളായിരുന്നു അന്ന് രാജ്യമെമ്പാടും മുഴങ്ങിക്കേട്ടത്. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ലോക്സഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ മോദിപ്രഭാവത്തിന് മങ്ങലേറ്റുകഴിഞ്ഞു. മാത്രമല്ല, മോദി-രാഹുല്‍ ദ്വന്ദത്തില്‍ കുടുങ്ങിക്കിടന്ന ഇന്ത്യന്‍ രാഷ്ട്രീയ യുദ്ധങ്ങളിലേക്ക് കരുത്തയായ ഒരു പെണ്‍പോരാളി കൂടി എത്തിയിരിക്കുന്നു, പ്രിയങ്കാ ഗാന്ധി.

കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുമായാണ് പ്രിയങ്ക സംഘടനാ ദൗത്യം ഏറ്റെടുക്കുന്നതെങ്കിലും ആ വ്യക്തിപ്രഭാവം ഉത്തര്‍പ്രദേശില്‍ മാത്രമായി ഒതുങ്ങാനിടയില്ലെന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ നല്‍കുന്ന സൂചന.മാത്രമല്ല റായ്ബറേലിയില്‍ ഇത്തവണ സോണിയാഗാന്ധിക്ക് പകരം പ്രിയങ്കയായിരിക്കും സ്ഥാനാര്‍ഥിയെന്നും ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു.

രാഹുലിന് തുണയായി പ്രിയങ്ക കൂടി എത്തുന്നതോടെ കോണ്‍ഗ്രസ് കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് ഉറപ്പ്. പീപ്പിള്‍ മാനേജ്മെന്റില്‍ അഗ്രഗണ്യയാണ് പ്രിയങ്ക. ഒരു തീരുമാനമെടുത്താല്‍ അണുവിട വ്യതിചലിക്കാതെ നടപ്പാക്കാനുള്ള നിശ്ചയദാര്‍ഢ്യവും പ്രിയങ്കയ്ക്കുണ്ട്. കാലങ്ങളായി നേരിട്ടുകൊണ്ടിരുന്ന അസ്തിത്വ പ്രതിസന്ധിയില്‍ നിന്ന് കോണ്‍ഗ്രസ് കരകയറിയ അവസ്ഥയിലാണ് പ്രിയങ്കയുടെ രംഗപ്രവേശം. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പുകളില്‍ ആ ശക്തി കണ്ടറിഞ്ഞതാണ്. രാഹുലാകട്ടെ പപ്പു ഇമേജില്‍ നിന്ന് പൂര്‍ണമായും പുറത്തുകടന്നും കഴിഞ്ഞു.

പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസിനു പൊതുവായും രാഹുലിന് പ്രത്യേകിച്ചും ഏറെ ഗുണകരമാണെന്ന് പറയാന്‍ പ്രധാനമായും നാല് കാരണങ്ങളാണുള്ളത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പ്രിയങ്കയെ നരേന്ദ്രമോദിയും ബിജെപിയും ഭയക്കേണ്ടതും ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ.

പകരം വയ്ക്കാനില്ലാത്ത വ്യക്തിപ്രഭാവം തന്നെയാണ് ഒന്നാമത്തെ കാരണം. കാലങ്ങളായി പ്രതീക്ഷയോടെ തന്നെ ഉറ്റുനോക്കിയിരുന്ന അണികളുടെ പിന്തുണയുണ്ട് പ്രിയങ്കയ്ക്ക്. രാഹുലിനെ സ്വീകരിക്കാത്തവര്‍ പോലും പ്രിയങ്കയെ നേതാവായി സ്വീകരിക്കും. പ്രിയങ്കയെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന് പാര്‍ട്ടിപ്രവര്‍ത്തകര്‍ ഒരുകാലത്ത് മുറവിളി കൂട്ടിയിരുന്നത് ഓര്‍മ്മയില്ലേ? തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രിയങ്കയുടെ സാന്നിധ്യം വോട്ടുകളായി മാറുമെന്ന് ഉറച്ച ആത്മവിശ്വാസം കോണ്‍ഗ്രസിനുണ്ട്.

രാഹുലിന്റെ സഹോദരി മാത്രമല്ല അടുത്ത സുഹൃത്തും ഗൈഡും ഒക്കെയാണ് പ്രിയങ്ക. ഏറ്റവുമടുത്ത വിശ്വസ്തയാണ് എന്നതുകൊണ്ട് തന്നെ രാഹുലിന് സംഭവിക്കുന്ന പിഴവുകള്‍ ചൂണ്ടിക്കാണിക്കാനുള്ള സ്വാതന്ത്ര്യം പ്രിയങ്കയ്ക്കുണ്ട്. ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ നേരിട്ടേക്കാവുന്ന പരിമിതികള്‍ പ്രിയങ്കയ്ക്കില്ല. പാര്‍ട്ടിയെ നയിക്കാനുള്ള കരുത്ത് ഇതിനോടകം ആര്‍ജിച്ചു കഴിഞ്ഞിട്ടുണ്ട് രാഹുല്‍. ഒപ്പം പ്രിയങ്ക കൂടി ചേരുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും.

സോണിയാഗാന്ധി പൊതുരംഗത്ത് നിന്ന് ഏറെക്കുറെ വിരമിച്ചുകഴിഞ്ഞു. അനാരോഗ്യം മൂലം തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഓടിയെത്താന്‍ പഴയതുപോലെ സോണിയാ ഗാന്ധിക്കാവില്ല. ഇനി കാര്യങ്ങള്‍ നോക്കിനടത്തുക രാഹുലും പ്രിയങ്കയും കൂടിയാകും. സോണിയാഗാന്ധിക്ക് എത്താനാകില്ലെന്ന കുറവ് നികത്തി എല്ലായിടത്തും മുന്‍പന്തിയില്‍ പ്രിയങ്ക ഉണ്ടാകും. തനിക്ക് ഓടിയെത്താനാകാത്ത ഇടങ്ങളെയോര്‍ത്ത് രാഹുലിനും ആവലാതി വേണ്ട.

ഇന്ത്യ ഇപ്പോഴും ഒട്ടുമുക്കാലും ഗ്രാമീണസമൂഹങ്ങളടങ്ങിയതാണ്. അവിടങ്ങളിലൊക്കെ ജനങ്ങള്‍ ഇപ്പോഴും ഇന്ദിരാഗാന്ധിയെ ആരാധിക്കുന്നുമുണ്ട്. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് മിക്ക ഇടത്തും ഇന്ദിരാമ്മ ആണ് അവര്‍. ഇന്ദിരയുടെ നേര്‍പ്പകര്‍പ്പായി പ്രിയങ്ക അവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ അവര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നുറപ്പ്. സ്ത്രീകള്‍ക്കിടയില്‍ കൂടുതല്‍ ചലനങ്ങളുണ്ടാക്കാനും പ്രിയങ്കയ്ക്ക കഴിയും.

സവര്‍ണവോട്ടുകളുടെ മേധാവിത്വമുള്ള സ്ഥലമാണ് കിഴക്കന്‍ യു.പി. 2014ല്‍ ബിജെപി വിജയത്തിന് ആധാരശിലയായതും ഇതേ വോട്ടുകള്‍ തന്നെയായിരുന്നു. ഈ സവര്‍ണ വോട്ടുകള്‍ കോണ്‍ഗ്രസ് പാളയത്തിലെത്തിക്കാനുള്ള തുറുപ്പ് ചീട്ടായാണ് പാര്‍ട്ടി പ്രിയങ്കയെ ഉത്തര്‍പ്രദേശിലേക്ക് അയയ്ക്കുന്നത്. എന്നാല്‍, ബിജെപിയുടെ ദളിത് നയത്തിന്റെ പേരില്‍ സവര്‍ണജനതയിലെ വലിയൊരു വിഭാഗം അസ്വസ്ഥരാണ്. അതുകൊണ്ട് തന്നെ അവരുടെ വോട്ടുകള്‍ എസ്പി-ബിഎസ്പി സഖ്യത്തിലേക്ക് മറിയാനാണ് സാധ്യത. എന്തുവന്നാലും ബിജെപിക്ക് വോട്ട് ചെയ്യില്ല എന്നതു മാത്രമാണ് ഇക്കൂട്ടരുടെ വാശി. ഈ വാശിയെ പ്രിയങ്കയുടെ പ്രവര്‍ത്തന മികവിലൂടെ കോണ്‍ഗ്രസിനുളള വോട്ടുകളാക്കാം എന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

ഇതുകൊണ്ടൊക്കെത്തന്നെ പ്രിയങ്കയുടെ ഉത്തര്‍പ്രദേശിലേക്കുള്ള ദൗത്യത്തെ ബിജെപി ഭയത്തോടെയാണ് നോക്കിക്കാണുന്നത്. 2014ല്‍ പയററിയ ഗിമ്മിക്കുകളും മോദിപ്രഭാവവുമൊക്കെ ഇനിയും വിജയിക്കാത്ത വിധം കാലഹരണപ്പെട്ടുകഴിഞ്ഞു എന്ന വാസ്തവം ബിജെപിയെ അസ്വസ്ഥരാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

political reporter

Top