രാഹുൽ ഗാന്ധി നിലപാടിൽ ഉറച്ച് തന്നെ, കോൺഗ്രസ്സിൽ വൻ പ്രതിസന്ധി . . .

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തിരിച്ചടിയെ തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജി വെയ്ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തില്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. ഇന്ന് രാഹുല്‍ ഗാന്ധി പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി, രണ്‍ദീപ് സിംഗ് സുര്‍ജേവാല എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പ് ഫലം എത്തിയതിന് പിന്നാലെ ചേര്‍ന്ന വര്‍ക്കിംഗ് കമ്മിറ്റിയിലാണ് രാഹുല്‍ ഗാന്ധി രാജി വെയ്ക്കാനുള്ള തീരുമാനം അറിയിച്ചത്. എന്നാല്‍ രാഹുലിന്റെ തീരുമാനത്തെ കോണ്‍ഗ്രസ് നേതൃത്വം തള്ളിക്കളഞ്ഞിരുന്നു.

നിരവധി നേതാക്കളാണ് രാജി തീരുമാനത്തില്‍ നിന്ന് രാഹുലിനെ പിന്തിരിപ്പിക്കാനുള്ള നീക്കവുമായി രംഗത്തെത്തിയത്. തിങ്കളാഴ്ച ഈ നീക്കത്തിന്റെ ഭാഗമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും അഹമ്മദ് പട്ടേലും രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് രാഹുല്‍ അറിയിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായിട്ടില്ല. രാഹുല്‍ രാജി സന്നദ്ധത അറിയിച്ചതു മുതല്‍ തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നിരവധി സന്ദേശങ്ങളാണ് പാര്‍ട്ടി നേതൃത്വത്തിനും രാഹുലിനും വ്യക്തിപരമായും ലഭിച്ചു കൊണ്ടിരിക്കുന്നത്.

Top