യുപിയില്‍ സുഹൃത്തിന്റെ രണ്ടു മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയയാളെ പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചു

ലക്‌നൗ: സുഹൃത്തിന്റെ രണ്ടു മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയയാളെ പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. ഉത്തര്‍പ്രദേശിലെ ബദൗണിലാണ് സംഭവം. സുഹൃത്തിന്റെ വീട്ടിലെത്തിയ ബാര്‍ബറാണ് രണ്ട് കുട്ടികളെ കൊലപ്പെടുത്തിയത്. ഇയാളെ പിന്നീട് പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. ബാബ കോളനിയിലാണ് കൊല്ലപ്പെട്ട കുട്ടികളുടെ വീട്. ഇവിടെ ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്ന സാജിദ് എന്നയാളാണ് കേസിലെ പ്രതി. കുട്ടികളുടെ അച്ഛനായ വിനോദിന്റെ സുഹൃത്തായിരുന്നു സാജിദ്. ചൊവ്വാഴ്ച വൈകിട്ട് വിനോദിന്റെ വീട്ടിലെത്തിയ സാജിദ് വീട്ടുകാരോട് ചായ ചോദിച്ചു. വീട്ടുകാര്‍ പുറത്തിറങ്ങിയതോടെ ഇയാള്‍ ടെറസിലെത്തി വിനോദിന്റെ മക്കളെ കൊലപ്പെടുത്തുകയായിരുന്നു.

വിനോദിന്റെ മൂന്ന് മക്കളില്‍ ആയുഷ് (13), അഹാന്‍ (7) എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് കുട്ടികളേയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അതേസമയം, സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചെങ്കിലും ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. അതിനിടെ, രക്ഷപ്പെടുന്നതിനിടെ പൊലീസിനെ ആക്രമിച്ച കൊലപാതകിയെ ഏറ്റുമുട്ടലില്‍ വെടിവച്ചു കൊന്നതായി പൊലീസ് പറഞ്ഞു. കുട്ടികളുടെ പിതാവുമായുള്ള തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. പ്രദേശത്ത് സമാധാനം നിലനിര്‍ത്തണമെന്ന് ബുദൗണ്‍ ജില്ലാ മജിസ്ട്രേറ്റ് മനോജ് കുമാര്‍ ആഹ്വാനം ചെയ്തു.

Top