കര്‍ഷകരുടെ മരണത്തില്‍ ‘ഗ്ലാമര്‍’ കൂട്ടി പ്രിയങ്ക, ശോഭകെട്ട് ബിജെപി, മുതലെടുത്ത് കോണ്‍ഗ്രസ്

മുംബൈ: ലംഖിപൂര്‍ വിഷയത്തില്‍ ബിജെപിക്കേറ്റ അടി ശരിക്കും മുതലെടുത്തത് കോണ്‍ഗ്രസ് നേതാക്കളാണ്. പ്രിയങ്കയ്‌ക്കെതിരെ യുപി സര്‍ക്കാരെടുത്ത തീരുമാനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ അവര്‍ക്ക് അനുകൂലമായാണ് വന്നിരിക്കുന്നത്. ശിവസേനയുടെ മുഖപത്രം സാമ്‌നയുടെ റിപ്പോര്‍ട്ട് തന്നെയെടുത്ത് നോക്കിയാല്‍ പ്രിയങ്കാ ഗാന്ധി ഈ വിഷയത്തില്‍ നേടിയ തിളക്കം വ്യക്തമാകും.

ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സാമ്നയുടെ മുഖപ്രസംഗം. പ്രിയങ്കയെ യോദ്ധാവെന്നും പോരാളിയെന്നുമാണ് സാമ്ന വിശേഷിപ്പിച്ചത്. പ്രിയങ്കയുടെ ശബ്ദത്തിനും കണ്ണുകള്‍ക്കും ഇന്ദിരാ ഗാന്ധിയുടെ തീക്ഷ്ണതയുണ്ടെന്നും സാമ്ന പറയുന്നു.

അതേസമയം ലഖിംപുര്‍ വിഷയത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനമാണ് സാമ്ന നടത്തിയത്. ബി.ജെ.പിയെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായാണ് ശിവസേന താരതമ്യപ്പെടുത്തിയത്. കര്‍ഷകര്‍ പറയുന്നത് കേള്‍ക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന് സാമ്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയും ചെയ്തു. അറസ്റ്റ് ചെയ്ത് കര്‍ഷകരെ നിശ്ശബ്ദരാക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അത് വ്യാമോഹമാണെന്നും സാമ്ന പറയുന്നു.

ചിലപ്പോള്‍, പ്രിയങ്കയായിരിക്കും രാഷ്ട്രീയ ആക്രമണത്തിന്റെ ലക്ഷ്യം. എന്നാല്‍ അവരെ അനധികൃതമായി തടങ്കലില്‍വെച്ചവര്‍ ഒന്നോര്‍ക്കുക. അവര്‍, രാജ്യത്തിനായി സ്വയം ബലികഴിച്ച, ബംഗ്ലാദേശിന് രൂപം കൊടുത്തതു വഴി ഇന്ത്യ- പാക് വിഭജനത്തിന് ചുട്ടമറുപടി കൊടുത്ത ഗ്രേറ്റ് ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകളാണെന്നും സാമ്ന പറയുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഉത്തര്‍ പ്രദേശിലെ യോഗി സര്‍ക്കാര്‍ എന്നും സാമ്ന ആരോപിച്ചു.

പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് അല്ലെങ്കില്‍ കേരളം എന്നിവിടങ്ങളില്‍ എവിടെങ്കിലുമാണ് ലഖിംപുര്‍ സംഭവം നടന്നിരുന്നതെങ്കില്‍ ബി.ജെ.പി. ദേശവ്യാപക പ്രതിഷേധം സംഘടിപ്പിക്കുകയും ആ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ രാജി ആവശ്യപ്പെടുകയും ചെയ്യുമായിരുന്നെന്നും സാമ്ന വിമര്‍ശിക്കുന്നു.

ലംഖിപൂര്‍ സംഭവത്തില്‍ നാലുപാടു നിന്നും പ്രതിഷേധ സ്വരം കടുക്കുമ്പോള്‍ ബിജെപിയുടെ നില പരുങ്ങലിലായിരിക്കുകയാണ്. കര്‍ഷകരുടെ മരണത്തില്‍ സിഖ് വിഭാഗം പ്രതിഷേധത്തിനു തിരി തെളിച്ചതോടെ കാര്യങ്ങള്‍ വഷളായിരിക്കുകയാണ്.

ഗണ്യമായ സിഖ് ജനസംഖ്യയുള്ള ഇവിടെ കര്‍ഷക സമരത്തിനു വലിയ പിന്തുണയൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, ഈ വിഷയത്തോടെ വന്‍കിടകര്‍ഷകരായ സിഖ് സമൂഹം ഒന്നടങ്കം ഇളകിയിരിക്കുകയാണ്. 2017 ലെ തിരഞ്ഞെടുപ്പില്‍ ലഖിംപുര്‍ ഖേരി ജില്ലയിലെ 8 സീറ്റുകളിലും ബിജെപിയാണു ജയിച്ചത്. വോട്ടു ശതമാനത്തിലും വലിയ വര്‍ധനയുണ്ടായിരുന്നു.

എന്നാല്‍, കര്‍ഷകരുടെ മരണത്തോടെ ബിജെപിക്ക് ഇനിയൊരു വിജയമെന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. അടുത്ത ജില്ലകളായ പിലിഭിത്ത്, ഷാജഹാന്‍പുര്‍, ഹര്‍ദോയി, സിതാപുര്‍, ബഹ്റൈച്ച് എന്നിവിടങ്ങളിലെ 42 നിയമസഭാ സീറ്റുകളിലും ഇതിന്റെ പ്രതിഫലനമുണ്ടാകുമോ എന്നും ആശങ്കയുളവാക്കുന്ന കാര്യമാണ്. ഇതില്‍ 37 എണ്ണവും കഴിഞ്ഞ തവണ ബിജെപി ജയിച്ചതാണ്. ബ്രാഹ്‌മണര്‍, മുസ്ലിംകള്‍, കുര്‍മികള്‍ എന്നിവരാണു ജില്ലയില്‍ കൂടുതലുള്ളതെങ്കിലും കരിമ്പുകൃഷിയെ കൂടുതലായി ആശ്രയിക്കുന്ന ഇവിടെ കര്‍ഷകരുടെ നിലപാടുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട് താനും.

അതിനിടെ, യുപിയിലെ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ലഖിംപുരിലെ കിരാതമായ കൊലപാതകം അംഗീകരിക്കാനാവില്ലെന്ന് അമിത് ഷായെ അറിയിച്ചുവെന്ന് ഛന്നി പറഞ്ഞു.

രാഹുലിന്റെ കടുത്ത വെല്ലുവിളികളെയും, ആക്ഷേപങ്ങളെയും പ്രതിരോധിക്കാന്‍ യുപി സര്‍ക്കാരിനായില്ലെന്നതാണ് മറ്റൊരു സത്യം. അതിനാല്‍ തന്നെ, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കി. രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം മറ്റ് രണ്ട് പേര്‍ക്കും ലഖിംപൂര്‍ സന്ദര്‍ശിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വൈകിട്ടോടെ സന്ദര്‍ശിക്കും.

രാഹുല്‍ ഗാന്ധിക്കും പ്രിയങ്കയ്ക്കുമൊപ്പം ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി എന്നിവര്‍ക്കുമാണ്് ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. 144 നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആര്‍ക്കും പ്രവേശനം അനുവദിക്കില്ലെന്നായിരുന്നു യു.പി പൊലീസിന്റെ നിലപാട്. പിന്നീട് നിലപാട് മാറ്റുകയായിരുന്നു.

അതേസമയം, ലഖിംപൂര്‍ സംഘര്‍ഷം വിവാദമായ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയെ ചോദ്യം ചെയ്യാന്‍ തീരുമാനമെടുത്തിട്ടുണ്ട്. അജയ് മിശ്രയെ ചോദ്യം ചെയ്യുന്ന കാര്യം ഐ.ജിയാണ് അറിയിച്ചിരിക്കുന്നത്.

ലഖിംപൂര്‍ സംഭവം ആസൂത്രിതമാണെന്ന് ഐ.ജി പറഞ്ഞു. കര്‍ഷക പ്രതിഷേധത്തിന് പിന്നില്‍ ഖാലിസ്ഥാന്‍ അനുകൂല സംഘടനകള്‍ ഉണ്ടെന്നും ഐ.ജി സൂചിപ്പിക്കുന്നു. എന്നാല്‍ ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ഐ.ജി തയ്യാറായില്ല.

ലഖിംപൂരില്‍ കര്‍ഷകര്‍ക്ക് നേരെ ഇടിച്ചു കയറ്റിയ വാഹനം അജയ് മിശ്രയുടെ മകനാണ് ഓടിച്ചതെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ അജയ് മിശ്രയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

സംഭവം വന്‍ വിവാദമായ പശ്ചാത്തലത്തില്‍ തടി രക്ഷിക്കാന്‍ തന്നെയാണ് ബിജെപിയുടെയും തീരുമാനം. ലഖിംപുര്‍ സംഘര്‍ഷത്തില്‍ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയ്ക്ക് വീഴ്ച പറ്റിയെന്ന് തന്നെയാണ് ബിജെപിയുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പിന് മുമ്പ് അനാവശ്യ വിവാദം ഉണ്ടാക്കിയെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. അജയ് മിശ്രയോട് ഡല്‍ഹിയില്‍ എത്താന്‍ ബിജെപി നേതൃത്വം നിര്‍ദ്ദേശിച്ചു.

അതിനിടെ അജയ് മിശ്ര രാജിവയ്ക്കണമെന്ന നിലപാടാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വീകരിച്ചത്. അജയ് മിശ്രയുടെ മകനെതിരെയുള്ള ആരോപണം ഗുരുതരമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. എന്നാല്‍, ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് അജയ്മിശ്രയുടെ വാദം. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന വാദവും മന്ത്രി തള്ളിക്കളഞ്ഞു.

കഴിഞ്ഞ ദിവസമാണ് ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് നേരെ അതിക്രമം നടന്നത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഓടിച്ച കാര്‍ കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. സംഭവം രാജ്യ വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

Top