വയനാടിനെ ഇളക്കി മറിച്ച് പ്രിയങ്ക; ഇടതിനെ തൊടാതെ ബിജെപിയെ ആക്രമിച്ച് പ്രസംഗം

മാനന്തവാടി: രാഹുല്‍ ഗാന്ധിക്ക് വോട്ടുതേടി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വയനാട്ടിലെത്തി. രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുന്നതിനിടെ ബി.ജെ.പിക്കെതിരെ പ്രിയങ്ക രൂക്ഷവിമര്‍ശനം ഉന്നയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി രാജ്യം ഭരിക്കുന്ന ബി.ജെ.പി വിഭജിക്കല്‍ മാത്രമാണ് ചെയ്തതെന്നും ഇന്ത്യ എന്തിനുവേണ്ടി നിലകൊള്ളുന്നുവോ അതില്ലാതാക്കാനാണ് ബി.ജെ.പി ശ്രമിച്ചതെന്നും പ്രിയങ്ക പറഞ്ഞു. അതേസമയം കേരളത്തില്‍ രാഹുലിന്റെ പ്രധാന എതിരാളികളായ എല്‍ഡിഎഫിനെക്കുറിച്ച് പ്രസംഗത്തില്‍ പ്രിയങ്ക പരാമര്‍ശിച്ചതേ ഇല്ല.

കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് സാധാരണ ജനങ്ങളുടെ കാര്യത്തില്‍ ഒരു താല്‍പര്യവുമില്ലെന്ന് ബി.ജെ.പി തെളിയിച്ചിരിക്കുകയാണ്. കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും നല്‍കിയ വാഗ്ദാനം കോണ്‍ഗ്രസ് നിറവേറ്റും. കര്‍ഷകരെ മോദി സര്‍ക്കാര്‍ വഞ്ചിച്ചു. മോദി സര്‍ക്കാര്‍ നിലകൊള്ളുന്നത് രാജ്യത്തെ ചില വ്യക്തികള്‍ക്കുവേണ്ടിയാണെന്നും പ്രിയങ്ക പറഞ്ഞു.

കര്‍ഷകരേയും ആദിവാസികളേയും സാധാരണക്കാരേയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു. നോട്ട് നിരോധനം നടത്തി സമ്പദ്ഘടനയെ തകര്‍ത്തു. അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തെ വിഭജിച്ച് ഇല്ലാതാക്കാനാണ് ശ്രമിച്ചത്. കേരളമെന്നും തമിഴ്‌നാടെന്നും ഉത്തര്‍പ്രദേശെന്നും പറഞ്ഞ് ജനങ്ങളെ ബിജെപി തമ്മിലടിപ്പിച്ചു എന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

ബിജെപിയെ പോലെയല്ല ജനങ്ങളെ ശാക്തീകരിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ജനകീയ പദ്ധതികള്‍ ബിജെപി ഇല്ലാതാക്കി. രാഹുല്‍ ഗാന്ധിയെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. രാഹുലിന്റെ അമ്മയേയും അച്ഛനേയും മുത്തശ്ശിയേയും അപമാനിച്ച് കൊണ്ടേയിരിക്കുന്നു. അതിലൊന്നും അവന്‍ തളരുമെന്ന് ആരും കരുതേണ്ട. എല്ലാ മതങ്ങളേയും രാഹുല്‍ ആഴത്തില്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. ഹിന്ദുത്വത്തിന്റെ കാവല്‍ക്കാരെന്ന് പറഞ്ഞ് നടക്കുന്നവരേക്കാള്‍ ഹിന്ദുത്വത്തിന്റെ ധര്‍മ്മത്തെ കുറിച്ച് രാഹുലിനറിയാമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Top