പ്രധാനമന്ത്രിയുടെ പ്രശംസ കൊണ്ട് യുപിയിലെ കൊവിഡ് വീഴ്ച മറച്ചുവെക്കാനാവില്ലെന്ന് പ്രിയങ്ക ഗാന്ധി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കൊവിഡ് പ്രതിരോധത്തെ പുകഴ്ത്തി പ്രധാനമന്ത്രിയുടെ പ്രശംസയ്ക്ക് പിന്നാലെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രിയുടെ പ്രശംസ കൊണ്ട് യുപിയിലെ യോഗി സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധത്തിലുണ്ടായ വീഴ്ച്ച മറയ്ക്കാനാവില്ലെന്ന് പ്രിയങ്ക വിമര്‍ശിച്ചു. കൊവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും പ്രിയങ്ക ചൂണ്ടി കാണിച്ചു.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഉന്നമിട്ട് വാരാണസിയില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ വാനോളം പ്രശംസിച്ചിരുന്നു. ഇതിനെതിരെയാണ് പ്രിയങ്കയുടെ വിമര്‍ശനം.

പ്രധാനമന്ത്രിയുടെ പ്രശംസ കൊണ്ട് കൊവിഡ് കാലത്ത് യോഗി സര്‍ക്കാര്‍ കാണിച്ച ധാര്‍ഷ്ട്യവും കെടുകാര്യസ്ഥതയും മറച്ചുപിടിക്കാനാകില്ല. രണ്ടാം തരംഗത്തെ ചെറുക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ യാതൊരു തയ്യാറെടുപ്പും നടത്തിയില്ലെന്നും പ്രിയങ്ക ആരോപിച്ചു.

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രിയങ്ക രണ്ടുദിവസത്തെ പ്രചാരണത്തിനായാണ് യുപിയില്‍ എത്തിയത്. യോഗി സര്‍ക്കാരിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പ്രിയങ്ക നിശബ്ദ ധര്‍ണയും നടത്തി.

Top