ഉത്തര്‍പ്രദേശിലേക്ക് ഒരു ലക്ഷം മാസ്‌കുകള്‍ അയച്ച് പ്രിയങ്ക ഗാന്ധി

ലക്‌നൗ: കോവിഡ് പ്രതിരോധത്തില്‍ പ്രധാനം സാമൂഹികാകലം പാലിക്കലും മാസ്‌ക് ധരിക്കലുമാണ്. ഇപ്പോഴിതാ കോവിഡ് വ്യാപനത്തെ ചെറുക്കാന്‍ ഒരു ലക്ഷം ഫേസ്മാസ്‌കുകള്‍ ഉത്തര്‍പ്രദേശിലേക്ക് അയച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പാര്‍ട്ടി വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശനിയാഴ്ച മുതല്‍ മാസ്‌ക് വിതരണം ആരംഭിക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് മീഡിയ കോര്‍ഡിനേറ്റര്‍ ലാലന്‍ കുമാര്‍ അറിയിച്ചു. സംസ്ഥാനത്തെ 47 ലക്ഷം ആളുകള്‍ക്ക് ഭക്ഷണവും റേഷനും നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളതായും ലാലന്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം അറുപതിനായിരത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 3,320 പുതിയ കോവിഡ് പോസറ്റീവ് കേസുകളാണ്. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 59,662 ആയി ഉയര്‍ന്നു.ഇതില്‍ 39,834 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

1,981 പേരാണ് കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 95 കോവിഡ് മരണങ്ങളാണ്.

Top