ഇന്ത്യ ‘ഹിംസ’യുടെ നാടായിമാറി, രാജ്യത്തെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ ശബ്ദമുയര്‍ത്തു: പ്രിയങ്ക

ന്യൂഡല്‍ഹി: ഇന്ത്യ ഹിംസയുടെ നാടായിമാറിയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇപ്പോള്‍ മിണ്ടാതിരുന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തകര്‍ക്കപ്പെടും. നമുക്ക് ഭയത്തിന്റെ ഇരുട്ടില്‍ കഴിയേണ്ടിവരുമെന്നും അവര്‍ പറഞ്ഞു.പൗരത്വ നിയമഭേദഗതി അടക്കം മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ കോണ്‍ഗ്രസ് ഡല്‍ഹി റാംലീല മൈതാനത്ത്‌സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കുകയായിരുന്നു പ്രിയങ്ക.

മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്പത്തികനില തകര്‍ത്തു.ഭരണഘടനയെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമം.നിങ്ങള്‍ ഈ രാജ്യത്തെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അതിന്റെ ശബ്ദമായി മാറുക. ശബ്ദമുയര്‍ത്താനുളള സമയമായി.നിശബ്ദമായിരുന്നാല്‍ ഭരണഘടന നശിപ്പിക്കപ്പെടുമെന്നും പ്രിയങ്ക പറഞ്ഞു.

ഈ രാജ്യം എന്താണ്, അക്കാലത്തെ ഏറ്റവും വലിയ അധിനിവേശക്കാരെ പരാജയപ്പെടുത്താന്‍ അഹിംസയുടെയും സ്‌നേഹത്തിന്റെയും ശക്തി ഉപയോഗിച്ച ഒരു പ്രസ്ഥാനത്തില്‍ നിന്ന് ജനിച്ച രാജ്യമാണിത്. ഇത് സ്‌നേഹത്തിന്റെയും അഹിംസയുടെയും സാഹോദര്യത്തിന്റെയും രാജ്യമാണ്- പ്രിയങ്ക പറഞ്ഞു.

ഭാരത് ബച്ചാവോ റാലിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒരു ലക്ഷത്തോളം പേരാണ് പങ്കെടുക്കുന്നത്. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരടക്കം മുതിര്‍ന്ന നേതാക്കളും പങ്കെടുക്കുന്നുണ്ട്.

Top