ചന്ദ്രശേഖര്‍ ആസാദിനെ എയിംസില്‍ പ്രവേശിപ്പിക്കണം: പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ചന്ദ്രശേഖര്‍ ആസാദിനെ എയിംസില്‍ പ്രവേശിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഭീം ആര്‍മി തലവനാണ് ചന്ദ്രശേഖര്‍ ആസാദ്. മനുഷ്യത്വം പോലും പ്രകടമാകാത്ത നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഇത് നാണക്കേടുണ്ടാക്കുന്ന സംഭവമാണെന്നും പ്രിയങ്ക പറഞ്ഞു. എതിര്‍പ്പുകള്‍ രേഖപ്പെടുത്തുന്നവരെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളാണ് ആസാദിനെ തീഹാര്‍ ജയിലില്‍ അടച്ചതെന്ന് പ്രിയങ്ക വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ചന്ദ്രശേഖര്‍ ആസാദിനെ ജയിലില്‍ അടച്ചത്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന ചന്ദ്രശേഖറിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഹൃദയാഘാതം വരെ ഉണ്ടായേക്കാമെന്നുമാണ് ഇദ്ദേഹത്തിന്റെ ഡോക്ടര്‍ ഹര്‍ജിത് സിങ് ഭട്ടി പറഞ്ഞിരുന്നത്. ഇദ്ദേഹം കഴിഞ്ഞ ഒരു വര്‍ഷമായി തന്റെ ചികിത്സയിലാണെന്നും ആഴ്ചതോറും അദ്ദേഹത്തിന് ഫ്ളെബോടോമി ചികിത്സ ആവശ്യമാണെന്നും ഡോക്ടര്‍ പറഞ്ഞു.

ആസാദിന്റെ ആരോഗ്യനില മോശമാണെന്ന് ഡല്‍ഹി പൊലീസിനെ അറിയിച്ചിരുന്നെങ്കിലും അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് ഡോക്ടര്‍ ട്വീറ്റില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Top