പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ  ലഖിംപൂര്‍ ഖേരിയില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനായി ലഖിംപൂര്‍ ഖേരിയിലേക്ക് പോയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അറസ്റ്റിലെന്ന് സൂചന. ഇന്നലെ രാത്രി ലഖ്‌നൌവില്‍ പ്രിയങ്കയെ യുപി പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് നടന്ന്  ലഖിംപൂര്‍ഖേരിയിലേക്ക് നടന്ന് പോകാനായിരുന്നു പ്രിയങ്കയുടെ നീക്കം.

പ്രിയങ്ക ഗാന്ധി  ലഖിംപൂര്‍ ഖേരിയിലെത്തിയെന്നായിരുന്നു നേരത്തെ എഐസിസി ട്വീറ്റ് ചെയ്തത്. എന്നാല്‍ പ്രിയങ്ക അറസ്റ്റിലായെന്നാണ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ശ്രിനിവാസ് ബി. വിയുടെ ട്വീറ്റ് പിന്നീട് പുറത്ത് വന്നു. പ്രിയങ്കയെ അറസ്റ്റ് ചെയ്‌തെന്ന് യുപി കോണ്‍ഗ്രസ് ഘടകവും സ്ഥിരീകരിച്ചു. അറസ്റ്റിലായ പ്രിയങ്കയെ സീതാപൂര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. പൊലീസിനോട് സംസാരിക്കുന്ന പ്രിയങ്കയുടെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സ്ഥലത്ത് ഇന്റര്‍നെറ്റ് നിരോധനമുള്ളതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളു. പ്രിയങ്ക ലഖിംപൂര്‍ ഖേരിയിലെത്തിയതായാണ് എഐസിസി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

ബിഎസ്പി നേതാക്കളെയും ലഖിംപുര്‍ ഖേരിയിലേക്ക് പോകുന്നതില്‍ നിന്ന് യുപി പൊലീസ് തടഞ്ഞിരുന്നു. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ മന്ത്രിമാര്‍ക്കെതിരെ നടന്ന പ്രതിഷേധത്തിലേക്ക് വാഹനം ഓടിച്ച് കയറ്റിയ സംഭവത്തില്‍ നാല് കര്‍ഷകര്‍ ഉള്‍പ്പെടെ 8 പേരാണ് കൊല്ലപ്പെട്ടത്. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ 8 പേരാണ് മരിച്ചതെന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് സ്ഥിരീകരിച്ചു.

ലഖിംപുര്‍ ഖേരി സംഭവത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ഇന്ന് രാജ്യവ്യാപക പ്രതിഷേധം നടത്തുകയാണ്. കളക്ട്രേറ്റുകള്‍ വളഞ്ഞുള്ള സമരത്തിന് സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം നല്‍കിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണി മുതല്‍ 1 മണിവരെ കളക്ട്രേറ്റ് വളയാനാണ് ആഹ്വാനം.

മന്ത്രിമാര്‍ക്കെതിരെ നടന്ന പ്രതിഷേധത്തിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ വാഹനം ഒടിച്ച് കയറ്റുകയായിരുന്നുവെന്നാണ് കര്‍ഷകരുടെ ആരോപണം. എന്നാല്‍ മകന്‍ സംഭവസ്ഥലത്തില്ലായിരുന്നെന്നും കര്‍ഷകരുടെ കല്ലേറില്‍ വാഹന വ്യൂഹത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നും കേന്ദ്രസഹമന്ത്രി അജയ് മിശ്ര പ്രതികരിച്ചു.

Top