കര്‍ഷക മരണം; അജയ് മിശ്രയെ പുറത്താക്കണം, പ്രിയങ്കയും രാഹുലും രാഷ്ട്രപതിയെ കണ്ടു

ന്യൂഡല്‍ഹി: ലഖീംപൂര്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിനിധി സംഘം രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കണ്ടു. വിഷയത്തില്‍ സര്‍ക്കാരുമായി സംസാരിക്കുമെന്ന് രാഷ്ട്രപതി അറിയിച്ചു.

രണ്ട് സുപ്രീം കോടതി സിറ്റിംഗ് ജഡ്ജിമാര്‍ ലഖിംപൂര്‍ സംഭവം അന്വേഷിക്കണമെന്നും കൊലപാതകം നടത്തിയവരെ ശിക്ഷിക്കണമെന്നും രാഷ്ട്രപതിയെ കണ്ടശേഷം രാഹുല്‍ ഗാന്ധി പറഞ്ഞു. മരിച്ച കര്‍ഷകരുടെ കുടുംബങ്ങളെ കണ്ടിരുന്നെന്നും അവര്‍ക്ക് നീതി വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

സാധാരണക്കാര്‍ക്ക് നീതി കിട്ടുമെന്ന് ഉറപ്പ് വരുത്താന്‍ അജയ് മിശ്രയുടെ രാജി വേണമെന്ന് പ്രിയങ്കയും പ്രതികരിച്ചു. കേന്ദ്രമന്ത്രിയെ പുറത്താക്കാന്‍ രാഷ്ട്രപതി ഇടപെടണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എ കെ ആന്റണി, ഗുലാം നബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഖെ എന്നവരാണ് രാഷ്ട്രപതിഭവനിലെത്തിയത്.

നേരത്തെ അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്ന ആശിഷ് മിശ്രയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പൊലീസും വക്തമാക്കിയിരുന്നു.

Top