പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി ഇന്ത്യ ഗേറ്റില്‍ പ്രിയങ്ക ഗാന്ധിയും മകളും

ന്യൂഡല്‍ഹി:  പൗരത്വ ഭേഗദതിയ്‌ക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തുമ്പോള്‍ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണയുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മകളും. ഇന്നലെ ഓള്‍ഡ് ഡല്‍ഹിയില്‍ പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ഇന്ത്യ ഗേറ്റില്‍ രാത്രി ഏഴുമണിയോടെ നടന്ന ധര്‍ണയില്‍ പങ്കെടുക്കാനാണ് പ്രിയങ്ക ഗാന്ധി മകള്‍ മിറായക്കൊപ്പമെത്തിയത്.

പൗരത്വം തെളിയിക്കാന്‍ ഓരോ ഇന്ത്യക്കാരനും അപേക്ഷയുമായി തങ്ങള്‍ക്കു മുന്നില്‍ വരി നില്‍ക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.  ഈ നിയമം സാധാരണക്കാരെയാവും കൂടുതലായും ബാധിക്കുകയെന്നും നോട്ട് നിരോധനത്തിന് ശേഷം ജനത്തെ വരിയില്‍ നിര്‍ത്താനുള്ള ശ്രമമാണ് നിയമമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി ജമാ മസ്ജിദില്‍ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വലിയ പ്രക്ഷോഭം നയിച്ച ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പുലര്‍ച്ചെ  3.30 ഓടെയാണ് ചന്ദ്രശേഖറിനെ കസ്റ്റഡിയിലെടുത്തത്.

ജമാ മസ്ജിദിലെ പ്രതിഷേധത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാം എന്ന ഉറപ്പിലാണ് ചന്ദ്രശേഖര്‍ കസ്റ്റഡിയില്‍ പോകാന്‍ തയ്യാറായത്.  ഇക്കാര്യം ട്വീറ്റ് ചെയ്തതിന് പിന്നാലെ ചന്ദ്രശേഖറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

 

 

 

 

Top