‘പ്രതി പുറത്ത്, 28 മണിക്കൂറായി ഞാന്‍ കസ്റ്റഡിയില്‍’; മോദിക്കു നേരെ വിരല്‍ ചൂണ്ടി പ്രിയങ്ക

ലക്‌നൗ: ലഖിംപുര്‍ ഖേരിയിലേക്കു പോകുന്നതിനിടെ പൊലീസ് കസ്റ്റഡിയിലായ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രംഗത്ത്.

’28 മണിക്കൂറായി അങ്ങയുടെ പൊലീസ് എന്നെ കസ്റ്റഡിയില്‍ വച്ചിരിക്കുന്നു. കര്‍ഷകരെ വാഹനം ഇടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതി ഇപ്പോഴും പുറത്ത്. എന്തുകൊണ്ട്? എഫ്‌ഐആര്‍ ഇല്ലാതെയാണ് കസ്റ്റഡി’- എന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. മറ്റൊരു ട്വീറ്റില്‍ ലംഖിംപുരില്‍ കര്‍ഷകരെ വാഹനം ഇടിച്ചു തെറിപ്പിക്കുന്ന മൊബൈല്‍ ദൃശ്യങ്ങളും പ്രിയങ്ക പ്രദര്‍ശിപ്പിച്ചു.

മാത്രമല്ല, സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് മോദി ലക്‌നൗവില്‍ സന്ദര്‍ശനം നടത്തുന്നതിനെയും പ്രിയങ്ക വിമര്‍ശിച്ചു. ‘മോദിജി സ്വാതന്ത്ര്യം ആഘോഷിക്കാനാണ് വരുന്നതെന്ന്. ആരാണ് നമുക്ക് സ്വാതന്ത്ര്യം നല്‍കിയത്? കര്‍ഷകരാണ് സ്വാതന്ത്ര്യം നേടിത്തന്നത്. നിങ്ങളുടെ മന്ത്രിയെ പുറത്താക്കുകയും അവരുടെ മകനെ അറസ്റ്റു ചെയ്യാതിരിക്കുകയും ചെയ്യുമ്പോള്‍ ഈ സ്വാതന്ത്യം ആഘോഷിക്കുന്നതില്‍ എന്തു ധാര്‍മികതയാണ് ഉള്ളത്? ആ മന്ത്രി തുടരുകയാണെങ്കില്‍ ഈ സര്‍ക്കാരിന് തുടരാന്‍ യാതൊരു ധാര്‍മിക അവകാശവുമില്ല. മോദിജി നിങ്ങള്‍ ലഖിംപുര്‍ ഖേരിയിലേക്ക് പോകുമോ?’ എന്നും പ്രിയങ്ക ആരാഞ്ഞു.

അതേസമയം, ഒന്നിനെയും ഭയക്കാത്ത യഥാര്‍ഥ കോണ്‍ഗ്രസുകാരിയാണ് പ്രിയങ്കയെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രിയങ്ക സത്യാഗ്രഹം അവസാനിപ്പിക്കില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ പ്രിയങ്ക ഗാന്ധി കസ്റ്റഡിയില്‍ നിരാഹാര സമരം ആരംഭിച്ചിരിക്കയാണ്. സീതാപുരിലെ ഹര്‍ഗാവിലെ ഗെസ്റ്റ് ഹൗസിലാണ് പ്രിയങ്കയെ പാര്‍പ്പിച്ചിരിക്കുന്നത്.

Top