എല്ലാരെയും എല്ലാകാലത്തും വിലയ്ക്കുവാങ്ങാന്‍ കഴിയില്ല; പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജനതാദള്‍ സര്‍ക്കാരിനെ താഴെയിറക്കിയ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. എല്ലാവരേയും വിലയ്ക്ക് വാങ്ങാന്‍ കഴിയാത്ത, എല്ലാവരേയും ഭീഷണിപ്പെടുത്താന്‍ സാധിക്കാത്ത, എല്ലാ കള്ളവും തുറന്ന് കാട്ടപ്പെടുന്ന ഒരു ദിനം വരുമെന്ന് പ്രിയങ്ക ബിജെപിക്ക് മുന്നറിയിപ്പ് നല്‍കി. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം.

‘എല്ലാവരേയും വിലയ്ക്ക് വാങ്ങാന്‍ കഴിയിയാത്ത, എല്ലാവരേയും ഭീഷണിപ്പെടുത്താന്‍ സാധിക്കാത്ത, എല്ലാ കള്ളവും തുറന്ന് കാട്ടപ്പെടുന്ന ഒരു ദിനം വരും. അതുവരെ നമ്മുടെ രാജ്യത്തെ പൗരന്മാര്‍ക്ക് ബിജെപിയുടെ അനിയന്ത്രിതമായ അഴിമതി, ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന സ്ഥാപനങ്ങളെ ആസൂത്രിതമായി പൊളിച്ചുനീക്കല്‍, ദശകങ്ങളായി അധ്വാനവും ത്യാഗവും കെട്ടിപ്പടുത്തുണ്ടാക്കിയ ഒരു ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തല്‍ എന്നിവ സഹിക്കേണ്ടി വരുമെന്നാണ് ഞാന്‍ കരുതുന്നത്’ – പ്രിയങ്ക ട്വീറ്റില്‍ കുറിച്ചു.

കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീണതോടെ ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന കര്‍ണാടകയിലെ കോണ്‍ഗ്രസിന്റേയും ജെഡിഎസിന്റേയും എംഎല്‍എമാരെ ബിജെപി ഭീഷണിപ്പെടുത്തിയും പണം കൊടുത്തും സ്വാധീനിച്ചെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

Top