എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ തളരാതെ മുന്നോട്ടുപോകണമെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി : എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ തളരാതെ മുന്നോട്ടുപോകണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പ്രിയങ്ക ഗാന്ധി. തെറ്റിദ്ധാരണ പരത്തുക എക്‌സിറ്റ് പോളുകളുടെ ലക്ഷ്യമാണ്, വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമുകളില്‍ നിരീക്ഷണം തുടരണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

അധ്വാനം ഫലം കാണുമെന്നും, ജാഗ്രത കൈവിടരുതെന്നും പ്രവര്‍ത്തകര്‍ക്കയച്ച ശബ്ദസന്ദേശത്തില്‍ പ്രിയങ്ക ഗാന്ധി നിര്‍ദേശിച്ചു.

ഭൂരിപക്ഷം എക്സിറ്റ് പോളുകളും എൻഡിഎ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. 300ൽ അധികം സീറ്റുകൾ എൻഡിഎക്ക് കിട്ടുമെന്ന് ഭൂരിപക്ഷം എക്സിറ്റ് പോളുകളും പറയുന്നു.

അതേസമയം എക്സിറ്റ് പോള്‍ ഫലം ബി.ജെ.പിക്ക് മുന്നേറ്റം പ്രവചിച്ചതോടെ തിരക്കിട്ട കൂടിയാലോചനകളാണ് പ്രതിപക്ഷനിരയിൽ നടക്കുന്നത്. 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ കാണും. അമ്പത് ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്നതാണ് പ്രധാന ആവശ്യം. വിവിപാറ്റും വോട്ടിങ് യന്ത്രത്തിലെ വോട്ടും തമ്മില്‍ വ്യത്യാസം വന്നാല്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ വിവപാറ്റുകളും എണ്ണണം. വിവിപാറ്റിലെ വോട്ടുകളുടെ എണ്ണം അന്തിമമായി കണക്കാക്കണം തുടങ്ങിയ ആവശ്യങ്ങളും പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കും.

Top