യു പി റാലിയിൽ വനിത വോട്ടർമാർക്ക് ആവേശമായ് പ്രിയങ്ക

ഗോരഖ്പൂര്‍: അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന റാലിയില്‍ കോണ്‍ഗ്രസിനെ സജീവമാക്കാന്‍ പ്രിയങ്കാഗാന്ധി. ‘ഞാനുമൊരു സ്ത്രിയാണ്, എനിക്കും പോരാടാന്‍ കഴിയും’ എന്ന് തന്നോടൊപ്പം ഏറ്റു വിളിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ റാലിയില്‍ പങ്കെടുത്ത പതിനായിരങ്ങള്‍ ആര്‍ത്തുവിളിച്ചു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് റാലി നടന്നത്. അടിച്ചമര്‍ത്തപ്പെട്ടവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ സ്ത്രീ വോട്ടര്‍മാരിലൂടെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഭാഗ്യം പരീക്ഷിക്കാനാണ് പ്രിയങ്കാഗാന്ധിയുടെ ശ്രമം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീക്ള്‍ക്ക് 40 ശതമാനം സീറ്റ് നല്‍കുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനം സ്ത്രീകള്‍ നിറഞ്ഞ മനസ്സോടെയാണ് സ്വീകരിച്ചത്. വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി ഇലക്ടിക് സ്‌കൂട്ടര്‍, സ്മാര്‍ട്ട്‌ഫോണ്‍ എന്നിവയും സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസ്സുകളിലെ സൗജന്യ യാത്ര, വര്‍ഷത്തില്‍ മൂന്നു തവണ പാചകത്തിനുള്ള ഗ്യാസ് സിലിണ്ടറുകള്‍, ലിംഗാടിസ്ഥാനത്തിലുള്ള ജോലി തുടങ്ങിയവയാണ് കോണ്‍ഗ്രസിന്റെ മറ്റ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ .

2024ല്‍ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും പ്രധാന മന്ത്രി നരേന്ദ്രമോദിക്കും കോണ്‍ഗ്രസ് വെല്ലുവിളി ഉയര്‍ത്തുമോ എന്നതിന്റെ സൂചന കൂടിയാണ് അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പ്.

സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും വിമര്‍ശനങ്ങള്‍ നേരിടുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. മോദി സര്‍ക്കാരിന്റെ തെറ്റായ കര്‍ഷക നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധവും സംസ്ഥാനത്ത് രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് പ്രിയങ്കാ ഗാന്ധിയുടെ സ്ത്രീ പക്ഷ മുദ്രാവാക്യം.

 

Top