ഹോളിവുഡ് താരങ്ങളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രയങ്ക ചോപ്ര

63 വര്‍ഷത്തിന് ശേഷം ആദ്യമായി ഹോളിവുഡ് താരങ്ങള്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടി പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രിയങ്ക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. സ്റ്റുഡിയോ പ്രതിനിധികളുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഹോളിവുഡ് നടീനടന്മാര്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കാരംഭിച്ചത്. 1.6 ലക്ഷത്തോളം അഭിനേതാക്കളെ പ്രതിനിധാനം ചെയ്യുന്ന സംഘടനയായ ‘ദ സ്‌ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡാ’ണ് സമരത്തിന് പിന്നില്‍.

 

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

യൂണിയനും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് താനെന്ന് പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ശ്രദ്ധേയമായ വേഷങ്ങളിലൂടെ ഹോളിവുഡില്‍ ചുവടുറപ്പിക്കുകയാണ് പ്രിയങ്ക ചോപ്ര. അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍, എന്‍ഡ് ഗെയിം തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റൂസോ ബ്രദേഴ്‌സ് നിര്‍മാതാക്കളായ സിറ്റഡലിലൂടെ നിരവധി ആരാധകരേയും താരം സ്വന്തമാക്കിയിരുന്നു. പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം റിച്ചാല്‍ഡ് മാഡനും സീരിസില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

63 വര്‍ഷത്തിന് ശേഷം ആദ്യമായി ഹോളിവുഡ് എഴുത്തുകാരും അഭിനേതാക്കളും ഒരുമിച്ച് പണിമുടക്കുന്നു.1,60,000 കലാകാരന്മാരെ പ്രതിനിധീകരിക്കുന്ന സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡാണ് ഏറ്റവുമൊടുവില്‍ സമരം പ്രഖ്യാപിച്ചത്. വാള്‍ട്ട് ഡിസ്‌നി കമ്പനി, നെറ്റ്ഫ്ലിക്സ് ഇന്‍ക് തുടങ്ങിയവയെ പ്രതിനിധീകരിക്കുന്ന അലയന്‍സ് ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്‌സുമായി പുതിയ തൊഴില്‍ കരാറിലെത്തുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അഭിനേതാക്കള്‍ സമരം പ്രഖ്യാപിച്ചത്. പ്രതിഫല വര്‍ധന, എ.ഐ കാരണമുണ്ടാകാന്‍ പോകുന്ന തൊഴില്‍നഷ്ടം എന്നിവ ചൂണ്ടിക്കാട്ടിയാണ് സമരം. എല്ലാ പ്രമുഖ വിനോദ കമ്പനികളും കഴിഞ്ഞ 18 മാസത്തിനുള്ളില്‍ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിട്ടുമുണ്ട്.

Top