ഞാന്‍ ഒരിക്കലും യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നയാളല്ല; പ്രിയങ്ക ചോപ്ര

ബോളിവുഡിലെ പ്രശസ്ത താരമാണ് പ്രിയങ്ക ചോപ്ര. ശക്തമായ നിലപാടുകളാണ് താരത്തെ എന്നും വ്യത്യസ്തയാക്കുന്നത്. കഴിഞ്ഞ ദിവസം അമേരിക്കയിലെ ലോസ് ആഞ്ചല്‍സില്‍ വച്ച് നടന്ന ബ്യൂട്ടികോണ്‍ ഫെസ്റ്റിവലിനിടെ തന്നോട് ചോദ്യം ചോദിച്ച പാക്കിസ്ഥാനി യുവതിക്ക് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാവുന്നത്. ബാലാകോട്ട് വ്യോമാക്രമണത്തെ പിന്തുണച്ച് പ്രിയങ്ക പോസ്റ്റ് ചെയ്ത ട്വീറ്റിനെ വിമര്‍ശിച്ചായിരുന്നു യുവതിയുടെ ചോദ്യം.

‘നിങ്ങള്‍ യുഎന്നിന്റെ ഗുഡ്‌വില്‍ അംബാസഡറാണ്. എന്നാല്‍, പാക്കിസ്ഥാനെതിരെയുള്ള ആണവ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയാണ് നിങ്ങള്‍ ചെയ്തത്. ഇത് ശരിയായ വഴിയല്ല. എന്നെപ്പോലെ ധാരാളം പാക്കിസ്ഥാനികള്‍ നിങ്ങളെ അഭിനേത്രി എന്ന നിലയില്‍ ഇഷ്ടപ്പെടുന്നുണ്ട്’ എന്നായിരുന്നു യുവതി ചോദിച്ചത്.

എന്നാല്‍, യുവതിയുടെ ചോദ്യത്തിന് പക്വതയോടെയാണ് പ്രിയങ്ക മറുപടി നല്‍കിയത്. ‘എനിക്ക് പാക്കിസ്ഥാനില്‍ നിരവധി സുഹൃത്തുക്കളുണ്ട്. ഞാന്‍ ഒരിക്കലും യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നയാളല്ല. പക്ഷേ രാജ്യസ്‌നേഹിയാണ്. എന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് ക്ഷമ ചോദിക്കുന്നു. ഇക്കാര്യം ചോദിക്കാന്‍ നിങ്ങള്‍ ക്രുദ്ധയാകേണ്ട കാര്യമില്ല. നമ്മളിവിടെ സ്‌നേഹിക്കാനാണ് ഒത്തുകൂടിയതെന്നുമാണ് പ്രിയങ്ക മറുപടി നല്‍കിയത്.

Top