പ്രിയങ്കയെ അറസ്റ്റ് ചെയ്ത സംഭവം; യുപിയില്‍ നടക്കുന്നത് കാടന്‍ ഭരണമെന്ന് സുര്‍ജ്ജേവാല

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്സ്. കസ്റ്റഡിയിലായ പ്രിയങ്കയ്ക്ക് വെള്ളവും വൈദ്യുതിയും വിഛേദിച്ചുവെന്നും യു.പിയില്‍ കാടന്‍ ഭരണമാണ് നടപ്പിലാവുന്നതെന്നും കോണ്‍ഗ്രസ്സ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജ്ജേവാല ആരോപിച്ചു.

‘സോനഭദ്രകൂട്ടക്കൊല തടയുന്നതിലും തെറ്റ് ചെയ്തവര്‍ക്കെതിരേ നടപടിയെടുക്കുന്നതിലും ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടു. അവരുടെ കുടുംബങ്ങളെ കാണണമെന്ന് ആവശ്യപ്പെട്ടതിനാണ് പ്രിയങ്കാജിയെ സര്‍ക്കാര്‍ അനധികൃതമായി അറസ്റ്റ് ചെയ്തത്. അവരെ തടവില്‍ വെച്ച ചുനാര്‍ ഗസ്റ്റ് ഹൗസിലേക്കുള്ള വൈദ്യുതിബന്ധവും വെള്ളവുമെല്ലാം സര്‍ക്കാര്‍ വിഛേദിച്ചു. ഇപ്പോള്‍ ബിജെപിക്ക്അവരെ യുപിയല്‍ നിന്ന് നാട് കടത്തണം. ‘ജംഗിള്‍ രാജ്’ എന്നായിരുന്നു സുര്‍ജ്ജേവാല ട്വിറ്ററില്‍ കുറിച്ചത്.

കുറ്റവാളികളെ പിടികൂടുന്നതിനു പകരം കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാന്‍ ശ്രമിക്കുന്ന നേതാക്കളെ തടയുന്ന തിരക്കിലാണ് സംസ്ഥാന സര്‍ക്കാര്‍ എന്നും സുര്‍ജ്ജേവാല കുറ്റപ്പെടുത്തി.

ബന്ധുക്കളെ കണ്ടേ മടങ്ങൂ എന്നും അതിന്റെ പേരില്‍ ജയിലില്‍ കിടക്കാന്‍ തയ്യാറെടുത്തിട്ടാണ് വന്നതെന്നും പ്രിയങ്ക ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.

Top