സോണിയയുടെ പിന്‍ഗാമി പ്രിയങ്ക; രാഹുല്‍ ഗാന്ധിക്ക് അപ്പുറം പോകുമോ കോണ്‍ഗ്രസ്?

പാര്‍ട്ടി അധ്യക്ഷ പദവിയില്‍ രാഹുല്‍ ഗാന്ധിയുടെ പൊടുന്നനെയുള്ള രാജിയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിക്ക് സോണിയാ ഗാന്ധിയുടെ സേവനം തേടേണ്ടിവന്നു. സോണിയ എത്ര നാള്‍ ഈ സ്ഥാനത്ത് തുടരുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. പാര്‍ലമെന്റിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ ദേശീയ തലത്തില്‍ ഇതിനുള്ള മറുപടി കോണ്‍ഗ്രസിന് സുപ്രധാനമാണ്.

ചുമതല ഏറ്റെങ്കിലും സോണിയാ ഗാന്ധി സജീവമായി രംഗത്തില്ല. തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ വന്നുപോകുന്ന സാന്നിധ്യം മാത്രമാണവര്‍. മോശം ആരോഗ്യം മൂലം ഹിന്ദി ഹൃദയഭൂമികയായ രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ഒരു റാലി പോലും നടത്തിയില്ല. ഇവിടങ്ങള്‍ കോണ്‍ഗ്രസിനെ അനുഗ്രഹിച്ച് ആശ്വാസം നല്‍കുകയും ചെയ്തു. അടുത്തിടെ നടന്ന മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, ഡല്‍ഹി തെരഞ്ഞെടുപ്പുകളിലും സോണിയ പ്രചരണത്തിന് ഇറങ്ങിയില്ല.

കഴിഞ്ഞ വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് റാലികളില്‍ മാത്രമാണ് സോണിയ പങ്കെടുത്തത്. സോണിയ അധ്യക്ഷ പദവിയില്‍ ഏറെനാള്‍ ഇരിക്കില്ലെന്ന് ഇക്കാര്യങ്ങള്‍ ഉറപ്പിക്കുന്നു. ഏപ്രില്‍ മധ്യത്തോടെയെങ്കിലും വിഷയത്തില്‍ അന്തിമതീരുമാനം ഉണ്ടാകും. രാഹുല്‍ ഗാന്ധി തന്നെയാണ് കോണ്‍ഗ്രസിന് അകത്തെ പൊതുസമ്മതനെങ്കിലും ജനങ്ങളുടെ മനസ്സിലെ പ്രതിച്ഛായ തിരിച്ചറിഞ്ഞ് ഇതിനെ എതിര്‍ക്കുന്നവരുമുണ്ട്.

അടുത്ത ചോദ്യം പ്രിയങ്ക ഗാന്ധി വദ്രയെ വാഴിക്കുന്ന കാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിരിടാനുള്ള കഴിവ് ഇവര്‍ക്കുണ്ടെന്നാണ് നേതാക്കളുടെ അഭിപ്രായം. എന്നാല്‍ മൂന്ന് ഗാന്ധിമാരുടെ പേരിലുമുള്ള ക്യാംപുകള്‍ പരസ്പരം പോരാടുന്നത് ഈ നീക്കത്തിന് ക്ഷീണമാകും. രാഹുല്‍ തന്നെ പ്രിയങ്കയെ അധ്യക്ഷയാക്കുന്നതിനെ എതിര്‍ക്കുന്നുമുണ്ട്.

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ സംപൂജ്യരായ ശേഷം മുതിര്‍ന്ന നേതാക്കള്‍ തമ്മിലടിക്കുന്ന കാഴ്ച കൂടുതല്‍ അലോസരപ്പെടുത്തുകയാണ്. ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്തി നഷ്ടമാകാതിരിക്കാന്‍ ഒരു സ്ഥിരം നേതാവിനെ കണ്ടെത്താനെങ്കിലും അവര്‍ക്ക് കഴിയണം, അല്ലെങ്കില്‍ ബിജെപിയും പ്രാദേശിക പാര്‍ട്ടികളും സസുഖം വാഴും.

Top