എം.ടിയുടെ രചനയില്‍ പ്രിയദര്‍ശന്‍, നായകന്‍ ബിജു മേനോന്‍

എം.ടി വാസുദേവന്‍ നായര്‍ തിരക്കഥ എഴുതുന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ ബിജു മേനോന്‍ നായകനാകുന്നു. ഈ വര്‍ഷം തന്നെ റിലീസിനെത്തിക്കുന്ന എം.ടിയുടെ ആന്തോളജിയില്‍ പ്രിയദര്‍ശന്‍ ഒരു ചിത്രം ചെയ്യുന്നുണ്ടെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലെ നായകന്‍ താനാണെന്ന് ബിജു മേനോന്‍ ഒരു വാര്‍ത്താമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ആറ് കഥകള്‍ കോര്‍ത്തിണക്കിയ ആന്തോളജിയില്‍ ‘ശിലാലിഖിതം’ എന്ന എം.ടിയുടെ കഥയാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നത്.

ആദ്യമായാണ് എം.ടിയും പ്രിയദര്‍ശനും ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്. മറ്റ് അഞ്ച് കഥകളില്‍ ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനും ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ടെന്നാണ് സൂചന.

താന്‍ എം.ടിയുടെ കഥ സിനിമയാക്കുന്നുവെന്ന് നേരത്തേ സന്തോഷ് ശിവന്‍ ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഇത് ഒരു ആന്തോളജിയുടെ ഭാഗമാണെന്ന് അദ്ദേഹം വിശദമാക്കിയിരുന്നില്ല. മരണം കാത്തിരിക്കുന്ന ഒരാളെക്കുറിച്ചാണ് സന്തോഷ് ശിവന്‍ ചിത്രമെന്നും, നടന്‍ സിദ്ദിഖായിരിക്കും കേന്ദ്രകഥാപാത്രമാകുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Top